Thursday, 22 February 2018

നോവ്

ഓരോലക്കാലിനും
അതിന്റെ ഈർക്കിലിനും
ഇടയിൽ
പച്ചയ്ക്കെടുത്ത തുരുമ്പ്
പോലെ
ഇന്നലെയുടെ
നോവ്

അവന്റെ അലച്ചിൽ
നിലാവിന്റെ നെഞ്ചിൽ
ഓരോലക്കാലാവുന്നു
പക്ഷികൾ വന്നിരിക്കുമ്പോൾ
വീണ്ടും ഉലയുന്നു

അവനെ ഉലയ്ക്കാതെ
അവനിൽ വന്നിരുന്ന പക്ഷി
പറന്നകലുമ്പോൾ
കാഴ്ച്ചയെങ്കിലും
ഉലയ്ക്കാതിരുന്നെങ്കിൽ
എന്ന ഒറ്റകൊമ്പുള്ള മാൻ
തല ഉയർത്തി
അവനെ നോക്കുന്നു

അവനെ നഷ്ടപ്പെടുമ്പോൾ
അവന്റെ മുഖം നഷ്ടപ്പെടുമ്പോൾ
അവന്റെ ദുഃഖം നഷ്ടപ്പെടുമ്പോൾ
മേയുന്നത് പോലെ
തലതാഴ്ത്തുന്നു

ഒറ്റനോട്ടം കൊണ്ട്
മാനിന്റെ കണ്ണ്
കാട്ടാറിൽ വെള്ളം കുടിക്കുന്ന
അവന്റെ മീനിന്റെ കണ്ണിൽ
അവസാനിക്കുന്നു...

അവന്റെ വനവും
അവന്റെ ദൈന്യതയുടെ മുഖവും
ഒരാശ്ചര്യചിഹ്നത്തിൽ
കടലെടുക്കുന്നു.

Wednesday, 21 February 2018

കടം

ഓരോ വരികളുടെ തുടക്കവും
കംഗാരുവാകുന്നു

തുടർച്ച അതിന്റെ സഞ്ചിയിലെ
കുഞ്ഞും

അവസാനത്തെ അത് ഗൗനിക്കുന്നേയില്ല

ശരീരം, മനസ്സ്
ഏതെടുക്കണമെങ്കിലും
വിരൽ നീട്ടണം

ആകെയുള്ളത്
വിരലിനെ പോലെ
അഞ്ച് പകലുകൾ

മടക്കിയാൽ കൈപ്പിടിയ്ക്കുള്ളിലാണ്
ഇരുട്ട്
രാത്രി അതിന്റെ കുഞ്ഞ്

പകൽ നീട്ടുന്നു
വിരൽ നീട്ടി ദിവസത്തിലൊന്നിനെ
തൊടുന്നു

കുറച്ചകലെ
സുഷിരങ്ങളുടെ തലോടലേറ്റ്
ഓടക്കുഴലാവുന്നുണ്ട്
വരികൾ

ഒരു വിരലിന്റെ കടമുണ്ട്

കനമെന്ന
വാക്ക് കീറുന്നു

എഴുതിയ വരികളിൽ
ചാരി,
വെറുതെ എന്ന വാക്കിന്റെ
വറ്റൽ കൊറിച്ചിരിയ്ക്കുന്നു..

Tuesday, 20 February 2018

പിൻമാറ്റത്തെക്കുറിച്ച്

പുറത്ത് കാണാവുന്ന
എല്ലാത്തിന്റെയും വേരാണ്

അകത്തുള്ള എല്ലാറ്റിന്റേയും
മരവും

തുടർച്ച, അകലം
എന്നിങ്ങനെ രണ്ടിടങ്ങളാണ്
വശങ്ങൾ

ഒരു വശം ചരിഞ്ഞെരിയുന്ന
തീയാകുന്നു,
അവൾ

ഞാനതിന്റെ എല്ലാവശവും

അധികകാലം
ആത്മാവ് തരിശ്ശിടുന്നത്
അവൾക്കിഷ്ടമല്ല

വീണ്ടും വീണ്ടും എടുക്കാനാവാത്ത തീരുമാനമാവുന്നു,
മരിച്ച മനുഷ്യന്റെ
ആത്മാവ്.

ഇലകളുടെ കൊലുസ്സ്,
ജലത്തിന്റെ വേര്
എല്ലാ കാലുകളും കുഞ്ഞാവുന്ന
കാലം.

ഒന്നിനുമല്ലാതെ
തുടർച്ചയിൽ മാത്രം മുട്ടുന്നു..
നൊന്ത വേരിനെ പോലെ
പിൻവാങ്ങുന്നു.

Tuesday, 13 February 2018

അവൾ

കൊത്തിവെയ്ക്കുവാൻ
ഒരിടം
ബാക്കിവെയ്ക്കാത്ത
മഴയെപ്പോലെ
ശിൽപ്പവൽക്കരിക്കപ്പെട്ടിരിക്കുന്ന
അവൾ

ജലത്തിന്റെ കക്ഷം പോലെ
അവളിൽ
വിയർത്ത് ചേർന്നിരിക്കുന്ന
ഞാൻ

ഞങ്ങളുടെ അരികത്തുകിടക്കുവാൻ
മത്സരിക്കുന്ന
തോർന്നമഴയുടെ
ഇടവും വലവും

വാക്കിന്റെ പരുത്തിയുമായി ചെമ്പരത്തികൾ

അവൾ ഏതിലയുടെ
മരം

ഏത് വള്ളിച്ചെടിയുടെ
വാരിയെല്ല്

അവളുടെ എത്രാമത്തെ
നഗ്നതയിലാണ്
ആകാശം?

ചുവടുകളുടെ
ഉടും പാവും തുന്നിയ
നൃത്തത്തിന്റെ പട്ടുടുത്ത്
അവൾ നടക്കുമ്പോൾ

ഞാൻ,
അവൾ മുന്നോട്ടിട്ട
പിൻകാല്

മറുകാലെടുത്ത്
നടക്കുന്ന എന്റെ മുകളിലിട്ട്
എന്റെ അരികിൽ
അവൾ ചേർന്നു കിടക്കുമ്പോൾ
അവൾ എന്റെ മുകളിൽ
നൃത്തം വെയ്ക്കുന്ന
ഒരു പെൺനടരാജ വിഗ്രഹം...

ഞാൻ
ചലനങ്ങളുടെ
ജട പിടിച്ച
കിടക്കുമ്പോഴും
നടക്കുന്ന ശിവൻ..

Saturday, 3 February 2018

ശബ്ദം

പൊടിപിടിച്ച ചലനങ്ങൾ
അടുക്കിവെച്ചിരിക്കുന്ന
നിശബ്ദതയുടെ ലൈബ്രറി

അത്രയും സാവകാശം നടന്നുപോകുന്ന
ഒരാളുടെ കാലടികൾ
അവിടെയുള്ളതിൽ വെച്ച്
ഏറ്റവും
പഴകിയ പുസ്തകമാവുന്നു

വയസ്സായ ഒരാൾ അതിരുന്നു
വായിക്കുന്നിടത്ത് വെച്ച്
പുസ്തകത്തിന്റെയും
ലോകത്തിന്റേയും
അതിരുകൾ മടങ്ങിത്തുടങ്ങുന്നു

അത്
അരികുകളിലേയ്ക്ക്
മാറ്റിവെച്ച പേജുകൾ
വായനശാലയ്ക്ക് മുകളിലെ
പ്രായമായ പ്രാവുകൾ

അതിന്റെ കുറുകൽ
പേജുകളുടെ
അഴിഞ്ഞുതുടങ്ങിയ കുത്തിക്കെട്ടലുകൾ

വായിച്ചുതുടങ്ങുന്ന
ഒരാൾ
അവിടെ
ഏറെ നാൾ തുറന്നിടാതിരുന്ന
ജന്നലാവുന്നു

അവിടുന്ന് നടന്നു നടന്ന്
ഏറെ നാൾക്ക് ശേഷം
അത്തരം ജന്നൽ
തുറന്നിടാൻ പറ്റിയ,
ഏഴുമണിക്ക് മുമ്പുള്ള
രാവിലത്തെ സമയമാകുന്നു.

കാണാതിരുന്ന പകലുകൾ
കൂട്ടിവെച്ച ഒരു പല്ലിയ്ക്ക്
ചലനം ഓർത്തെടുക്കുവാൻ കൊടുക്കുന്ന
സമയം
ഘടികാരത്തിലേയ്ക്ക് നീങ്ങുന്ന
നിലയ്ക്കുവാൻ മറന്നുപോയ
സൂചികൾ

പരുപരുത്ത സിമൻറ് പ്രതലത്തിൽ നിന്നും
ബഞ്ചിലേയ്ക്ക് കാലുകൾ
കിളിച്ചു വരുന്ന ഒച്ച

ശ്രദ്ധിക്കൂ
ഓരോ വരിയിലും
ഇപ്പോൾ കേൾക്കാം
കൃഷ്ണമണികൾ ഉരയുന്ന ശബ്ദം..

Wednesday, 31 January 2018

ശാന്തത

വല്ലാതെ കൊതിപ്പിക്കുന്നുണ്ട്
നിന്റെ മറുകുകളിലൊന്നിന്റെ
ശാന്തത

അതിലെ കറുപ്പ്
എന്നിലെ
പുറപ്പെട്ടു പോകാത്ത ബുദ്ധനാകുന്നു

എന്നെങ്കിലും
തിരികെ വന്ന്
എന്നിലില്ലാത്ത വാതിലിൽ മുട്ടുമോ
എന്ന്
ഭയക്കുന്നു

ഇപ്പോൾ നിന്റെ ഉടൽ
ശലഭങ്ങൾക്ക് മാത്രം
മുറിച്ച് കടക്കാവുന്ന
കടൽ

നിറങ്ങളിൽ നിന്നും
ഇറങ്ങിപ്പോയ നിറം
നിന്റെ മറുകും കടന്ന്,
മൗനങ്ങളിൽ നനഞ്ഞ്,
വിശുദ്ധിയുടെ
കറുപ്പായിരിക്കുന്നു

ഉടൽ മുറിച്ച്
കടക്കുന്നതിനിടയിൽ
ഞാൻ
നിന്നിലെ ഒഴുക്ക്

നിന്റെ മൂക്കൂത്തി,
അതിലെ
എന്റെ പതിവുകളുടെ കടവ്

നിന്റെ മറുക്,
ശലഭത്തിന്റെ കണ്ണിലെ
ഏറ്റവും ആഴം കുറഞ്ഞ ഭാഗത്തിന്റെ
മൊട്ട്

നിന്റെ നോട്ടങ്ങൾ
രണ്ട് പക്ഷികൾ
അത് മറ്റൊരിടത്ത് പറക്കുന്നു
ഒരിടത്ത് വന്നിരിയ്ക്കുന്നു

നിന്റെ നൃത്തങ്ങൾ
എല്ലാ ചുവടുകളും കടന്ന്
നിയന്ത്രിത ഭ്രാന്തിന്റെ
പുസ്തമെടുക്കുവാൻ വരുന്ന
ലൈബ്രറിയിലെ
ലൈബ്രേറിയൻ ആയിരിക്കുന്നു
എന്റെ അവധികൾ

ഇപ്പോൾ
എന്റെ അവധികൾക്ക്
നിന്റെ ഭ്രാന്തിന്റെ
കൊതിപ്പിക്കുന്ന
മണമാണ്.

Wednesday, 20 December 2017

അതിര് നോവ് എന്നീ വരകളിൽ മരങ്ങൾ

മരമെങ്ങുമില്ല,
ഇരിയ്ക്കുവാൻ;
നേരവും.

അറിയില്ല
സംസ്കൃതം ,
പറയാനും,
എങ്കിലും നടന്നതാണ്,
കിളിയോളം
പറന്നുനോക്കുവാനായി
മാത്രം
മരങ്ങളോളം

അതിനിടയിൽ,
പോയി ഇരുന്നതാണ്
തിരിഞ്ഞുനോക്കുക പോലും
ചെയ്യാതെ
കടന്നുവന്ന മരത്തിന്റെ
ഓർത്തെടുത്ത
തണലിൽ,
ഒരിത്തിരി നേരം.

ഓർത്തെടുത്തതാണ്;
നേരവും

വിശ്രമിക്കുമ്പോഴും
ഇരിയ്ക്കുമ്പോഴും
ഒട്ടും കുറയ്ക്കുന്നില്ല
നടക്കുന്ന
വേഗവും
ദൂരവും

കുറയ്ക്കുന്നില്ല
മരങ്ങൾ
തണലും,
കൂട്ടുന്നില്ല ചില്ലകൾ, ഇലകൾ
കുറയ്ക്കുന്നില്ല,
പച്ചയും നിറങ്ങളും

തിരുത്തുന്നുമില്ല,
മരങ്ങൾ
മുകളിൽ പറഞ്ഞ
എങ്ങുമില്ല,
എന്ന
വരികൾ പോലും

ഉണ്ടായിരുന്നതാണ്
മരങ്ങൾ
ഇനിയും ഉണ്ടാവും
ചില്ലകൾ
കാടുകൾ
മൃഗങ്ങൾ

ഇല്ലാത്തത് നേരമാണ്
ഉണ്ടായിരുന്നതാണ് അതും,
ഇനിയും ഉണ്ടാവും
ഇപ്പോഴും ഉണ്ട്

ഇല്ലാതായത്
ഞാനാണ്
ഉണ്ടായിരുന്നതാണ്
ഞാനും നിങ്ങളും
ഇനിയും ഉണ്ടാവും
നമ്മളും
അവളും

നടക്കുക എന്നത്
മറ്റൊരാളായി ഇരിയ്ക്കുക
എന്നു തന്നെയാണ്
അതു മാത്രം
ഉറപ്പിക്കുന്നു,
നൃത്തപാഥേയം തുറക്കുന്നു

ആദ്യത്തെ ചുവട് കഴിക്കുന്നു

രണ്ടാമത്തെ ചുവട്
അവൾക്കായി
മാറ്റിവെയ്ക്കുന്നു

മൂന്നാമത്തെ
ചുവടിന്റെ ഉരുള
കൈവെള്ളയിലിട്ട്
ഉരുട്ടുന്നു

കഴിക്കാതെ,
കാലത്തിനായി
മാറ്റിവെയ്ക്കുന്നു

ബാക്കിവരുന്നില്ല
നൃത്തത്തിലും
പാഥേയത്തിലും 
ചുവടും നടത്തവും
ഇരുത്തവും
ഒന്നും

തൊട്ടുകൂട്ടാൻ പോലും
ഒന്നും
ബാക്കി വരുന്നില്ല
അക്ഷരങ്ങളിൽ
പാതി മയങ്ങിയ
അക്കങ്ങളിൽ
പൂർത്തിയാക്കാനാവാത്ത
വരികളിൽ

കേൾക്കുന്ന പാട്ടിൽ പോലും
കാണുന്ന കാഴ്ച്ചയിൽ പോലും
നേരുന്ന നേർച്ചയിൽ പോലും

കണ്ണീർ ഒഴുക്കി
കണ്ണുകളുടെ എച്ചിൽ
കഴുകി കളഞ്ഞത് അവളാണ്
അവളുടെ
കവിളുകൾ

വേരുകൾ കെട്ടിയാടുന്ന
തൈയ്യങ്ങൾ,
മരങ്ങൾ

വിരലുകൾ കൊണ്ട്
തടവുമ്പോൾ
തൂവലുകൾ പോലെ
ശാന്തമാകുന്ന
ഉടലുകളുടെ തടാകങ്ങൾ

കൈകൾ കൊണ്ട്
തൊടുമ്പോൾ
കിളികളെ പോലെ
പറന്നുയരുന്ന കടലുകളുടെ
തിരമാലകൾ

അരുത്
എന്ന വാക്കിനേറ്റ പരിക്കാണ്
നോവിന് മാത്രം
അത് കൊണ്ട്
അതിര് വരയ്ക്കരുത്....