Skip to main content

Posts

Showing posts from August, 2013

മഴത്തുള്ളിക്കള്ള്!!!

സൂര്യൻ നീരാവി വലയെറിയുന്നു എണ്ണാത്തതുള്ളികൾ മീനായിപിടിക്കുന്നു മേഘത്തിൻ കൊട്ടയിൽ ഐസ് ഇട്ടു വെക്കുന്നു മീനുകൾ കൊള്ളിയാൻപോലെ  പിടയുന്നു കാറ്റ്  കൊട്ടകൾ   തട്ടിമറിക്കുന്നു മീനുകൾ മഴത്തുള്ളിയായ് ചിതറിത്തെറിക്കുന്നു വേനലിൽ എരിയുന്ന ഭൂമിയുടെ ചട്ടിയിൽ വീണത്‌ വീണത്‌ കറിയായ്‌തിളക്കുന്നു കരയിൽതിളച്ചുമറിയുന്നമീൻകറി കള്ളിന്റെ ഒപ്പം കുടലിലേക്കൊഴുകുന്നു ആയുസ്സ് വീണ്ടും നീണ്ടചിലതുള്ളികൾ നേരിട്ട് മീനായി കടലിൽപതിക്കുന്നു സൂര്യന്റെ വലയിൽ കയറുന്നജലംപോലും മനുഷ്യന്റെ കൈയ്യിൽ മീനായിപിടക്കുന്നു സൂര്യൻ മഴയായ് ശുദ്ധീകരിച്ച വെള്ളമോ മനുഷ്യൻ വാറ്റി ചാരായമാക്കി മാറ്റുന്നു

കണ്ണീർ സംശ്ലേഷണം

ആദ്യം കിളിർത്തത് നാമ്പായിരുന്നു കിളിർത്തുതീരും മുമ്പേ നിറമാർന്നിരുന്നു ഋതുകാലം ഹരിതാഭമാകുംമുമ്പേ സ്വന്തം ഞരമ്പുകൾ ഉറയ്ക്കുംമുമ്പേ ഉടലിൽപടരുന്നു വൃദ്ധഞരമ്പുകൾ മേനി ദിനങ്ങൾ പകുത്തെടുക്കുന്നു കണ്ണീരിൽ കുതിരുന്നു  ഹരിത ഭംഗി കൗമാരപൂമണം മാറുംമുമ്പേ യവ്വനമോഹങ്ങൾ  കുറുകും മുമ്പേ മേനിയിറുക്കുന്നു കറുത്തഞരമ്പുകൾ ആരൊക്കെയോ ദൈവനാമം ജപിക്കുന്നു മുഖചിത്രം കരിയിലനിറമായി മാറുന്നു ആശ്ലേഷപാടുകൾ മായും മുമ്പേ ചുംബനമുറിവുകൾ ഉണങ്ങുംമുമ്പേ വയറിൽനിറയുന്നു കുഞ്ഞുഞരമ്പുകൾ ഞെട്ടോന്നടർക്കുന്നു കാലം മെല്ലെ മൊഴിയോന്നുചൊല്ലുന്നു തണ്ട്മെല്ലെ കണ്ണുനീർ പോലും ഒന്നിറ്റും മുമ്പേ കഥ എന്തെന്നോന്നു അറിയും മുമ്പേ കൊഴിഞ്ഞുവീഴുന്നു സംശ്ലേഷണഞരമ്പുകൾ

കാടിനും പേടി

ഒരുകാട് പേടിച്ചരണ്ടു നില്ക്കുന്നുണ്ട് വന്യമൃഗങ്ങളും  കാടുവിട്ടു കാടു ഒരുപേരിന്നു വേണ്ടിയാണെങ്കിലും എന്തേ? പേരിന്നും  പേടിതോന്നാൻ? മാനവും മൂടിഇരുണ്ടു നില്ക്കുന്നുണ്ട് മേഘങ്ങൾ പേടിച്ചു  പായുന്നുണ്ട്‌ ആകാശം ഉയരത്തിൽ അകലെയാണെങ്കിലും എന്തേ? മേഘങ്ങൾ  ഒഴിഞ്ഞു പോകാൻ? ആരോ പേടിച്ചു ഒഴുകി മറയുന്നു ആരെയോ കാണാനിഷ്ടമില്ലാത്ത പോലെ പുഴയെന്നതാരോ ഓർത്തു പറയും മുമ്പേ എന്തേ? പുഴ ഒഴുകി കടലിൽ ചാടാൻ? കാറ്റിനു പോലും പേടിയുണ്ട് ശുദ്ധ വായുവിനാണെങ്കിൽ മുട്ടുമുണ്ട് ആരെങ്കിലും കേറി ശ്വസിക്കാൻ പിടിച്ചാലോ എന്തേ? വായുവിന്നും ശ്വാസം മുട്ട് തോന്നാൻ? അധികനേരംതങ്ങാൻ ഇഷ്ടമില്ലാത്തപോൽ രാത്രിയും വൈകുന്നു ഏറെനേരം സന്ധ്യകഴിഞ്ഞാൽ പൊതുവെ വൈകാത്ത രാത്രിയോ എന്തേ? വൈകുന്നു പാതിരയാകുവോളം? പലതിനും മനുഷ്യരെ  പേടിയുണ്ട് മനുഷ്യരെ പേടിച്ചു ഒളിക്കുന്നുമുണ്ട് ആരെയും പേടി ഇല്ലാത്ത മനുഷ്യരെ പ്രകൃതിപോലും പേടിച്ചു തുടങ്ങിയതാവാം

പൂർണത

സമാധി  ഒരു ജീവൻ ജനിച്ചത്‌; ജയിച്ചത്. ഒരു തോക്ക്, മരിച്ചത്; തോറ്റത്. വെടിയുണ്ട മരിച്ചത്; കൊന്നത്. കുറച്ചു രക്തം ഒരു ശ്മശാനം ധാരാളം ശവങ്ങൾ ജീവനെ അടക്കി; മുതല കണ്ണീരൊഴുക്കി ശവങ്ങൾ തിരിച്ചു പോയി.. ഒരു സമാധി പൂർണമായി. വികസനം  മാലിന്യം കൊണ്ട് ബോധം കെടുത്തൽ; നാണം ഇല്ലാതെ, മാനം നോക്കി ഒരു ലഘു മാനഭംഗം. പ്രകൃതിയുടെ ദേഹത്ത് ഒരു പോറൽ ഒരു വികസനം അവിടെ പൂർണമായി.

മരണത്തിന്റെ മാങ്ങാമുഖം

നിന്റെ കണ്ണിലേക്കാണ് ഞാൻ എന്റെ കവിതകൾ  ആദ്യം എഴുതിമറന്നത് അത് പിന്നെപ്പരതി വായിച്ചുകരയിപ്പിക്കാനാണ് നിന്റെ കണ്ണിലെ കരടായിത്തീർന്നത്‌ നിന്റെ ഹൃദയത്തിന്റെ വിശാലതയിലേക്കാണ് ഒരു കുലനിലാവ് ഞാൻ ഡൌണ്‍ലോഡ്ചെയ്തത് അത് എഴുതിക്കളയാൻവേണ്ടിയാണ് നിന്റെകവിളിലേക്കു ഒരുലോഡ്മഴ ഞാൻ ഇറക്കികളിച്ചത് നിന്റെ കണ്ണീരു കൊണ്ടാണ് നിന്റെമേനിയിൽ മനോഹരമായ തൊട്ടാവാടി തോട്ടം ഞാൻ നനച്ചത്‌ അതിനുവേലിയായിട്ടാണ് നിന്റെ കഴുത്തിൽ ഞാൻ മാവിലത്താലി തിരുകിത്തറച്ചതു നിന്റെ അധരത്തിന്റെ ചോപ്പിലാണ് പച്ചമാങ്ങ ഞാൻ ആദ്യം കടിച്ചു മുറിച്ചത് അതിന്റെ ചവർപ്പിന്റെ കറകളയാനാണ് മദ്യത്തിന്റെമുഖംമൂടി ഞാൻ ആദ്യം അഴിച്ചത് നിന്റെ മുടിയുടെ മാന്തളിരിലാണ് മരണത്തിന്റെത്തണൽമരം  ആദ്യം ഞാൻകണ്ടത് അതിന്റെ ഓർമ്മക്കാണ്‌ നിന്റെ ചൊടിയിൽ  ഒരു മാങ്ങാക്കറ ബാക്കി നിർത്തി ഒരുമാവിന്റെ മരണത്തിനു ഞാൻകൂട്ടായിപോയത്

പ്രണയം ഒരു ദ്വിത്വസന്ധി

ഒരു മേഘമുള്ള മാനത്തു നിന്നും ഒരു തുള്ളിയുള്ളോരു മഴ പൊഴിഞ്ഞു ഒരു ദളം മാത്രം ഉള്ളൊരു പൂവിന്റെ നെഞ്ചത്ത് തന്നെ അത് പതിച്ചു ഒരു നിമിഷം മാത്രം നിശ്ചലമായി ഒരു ഹൃദയം വീണ്ടും മിടിച്ചു നിന്നു ഒരു രക്തം മാത്രം ഒഴുകിയ ഹൃദയത്തിൽ മറ്റൊരു രക്തമായി നീ ഒഴുകി ഒരു കാറ്റു മാത്രം വീശിയ നേരത്ത് ഒരു സാന്ത്വനമായി നീ വന്നു നിന്നു ഒരു ജീവൻ മാത്രം ഉള്ളൊരു ദേഹത്ത് മറ്റൊരു ജീവനായി നീ മിടിച്ചു ഒരു സൂര്യൻ മാത്രം ഉള്ളൊരീ ഭൂമിയിൽ ഒരു ചന്ദ്രനായി നീ വന്നുദിച്ചു ഒരു വെയിൽ കൊണ്ട് തളര്ന്നോരീ മേനിയിൽ ഒരു നിലാവായി നീ കുളിരുനല്കി ഒരു മണം മാത്രം ഉള്ളൊരു പൂവിന്റെ ഒരു നിറമായി നാം ഒന്നുചേർന്നു ഒരു ഞെട്ടിൽ പൂത്തുവിടർന്ന പരാഗം നമുക്കൊരു പ്രജനന പരാഗണമായ് ഒരു വായു മാത്രം ശ്വസിച്ചൊരു ജന്മത്ത് ഒരു ജീവനായി നാം ഇണയായി ഒരു ചുംബനം  മാത്രം അറിയുന്ന  അധരത്തിൽ മറ്റൊരു അധരമായി നീ മുദ്ര വച്ചു ഒരു വിയർപ്പു മാത്രം അറിഞ്ഞൊരു മേനിയിൽ ഒരു രോമാഞ്ചമായി നീ തഴുകി ഒരു രുചി മാത്രം അറിഞ്ഞൊരു നാവിൽ മറ്റൊരു രുചിയായി നീ കിനിഞ്ഞിറങ്ങി 

ഒരു ഉൽപ്രേക്ഷ

പുലരി; ഉപയോഗിച്ചു, സന്ധ്യയാക്കാതിരുന്നെങ്കിൽ! സന്ധ്യയുടെ; മുറിവിന്റെ രക്തം കഴുകലും, കടലിന്റെ; ഉപ്പിന്റെ; നീറ്റൽ സഹിക്കലും, ഒരു ചാന്ദ്രരാവിന്റെ;   ഉറക്കമിളക്കലും, ഒഴിവാക്കി; സൂര്യൻ, ചിരിച്ചുപുലർന്നേനെ! കടൽ, ഉപയോഗിച്ച്; മലിനമാക്കാതിരുന്നെങ്കിൽ! മാലിന്യം; നീക്കി; ഉപ്പാക്കിമാറ്റലും സൂര്യനെ; കൊണ്ട്, ബാഷ്പീകരിക്കലും.. തിരതല്ലി; ഉപ്പിന്റെ, വീര്യംകുറയ്ക്കലും- ഒഴിവാക്കി, കടൽ; ശുദ്ധജലത്തടാകമായി കിടന്നേനെ! കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ! മനുഷ്യർ,  മൃഗങ്ങളായി; ഇരതേടിനടക്കലും പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും- ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ! ദേഹം; ദുരുപയോഗിച്ചു,  ജഡമാക്കാതിരുന്നെങ്കിൽ! മരിച്ചു; ദുഃഖിച്ച! ബലിതർപ്പണങ്ങളും! ശൂന്യമായി; പൊഴിയുന്ന, കണ്ണീർകണങ്ങളും! വേർപാടും; കരയുന്ന, കരിയുന്നഓർമയും ഒഴിവായി;  ഭൂമിയിൽ, കദനംകുറഞ്ഞേനെ! വെയിൽ; വിയർപ്പിൽ നേർപ്പിച്ചു, നിലാവാക്കാമായിരുന്നെങ്കിൽ ! മഴപെയ്യാൻ, വേനലിന്റെ; സാക്ഷ്യപ്പെടുത്തലും! ഉറക്കപ്പെടുത്തുവാൻ!  ഒരു രാവിൻറെ മൂളലും! തണലിനും, നിലാവിനും,  വെവ്വേറെനേരവു

ജീവൻ പ്രപഞ്ചത്തിൽ ഒരു രോഗാണു

കലികാലമാണിത് കല്കിയാണ് കല്കി എന്നത് ഉൾക്കയാകാം ദുരന്തമാകാം അത് ദുരിതമാകാം ദുരന്തമെന്നാൽ അത് ഭൂമിയാകാം ഭൂമിക്കു ദുരിതം രോഗമാകാം രോഗകാരണം ജീവനാകാം ഭൂമിയിൽ ജീവൻ രോഗമാകാം രോഗിയാക്കും രോഗാണുവാകാം രോഗം ചികിത്സിച്ചു ഭേദമാക്കാം ജീവന് മരണമേ ചികിത്സയുള്ളൂ ജീവനോ രോഗമോ മാറാരോഗം? ജീവനല്ലേ?  ഭൂമിക്കു മാറാരോഗം! ഭൂമിയാണിത്  ജീവനാണ് ഭൂമിക്കു ജീവൻ പ്രാണനാണ്‌ ഭൂമി പ്രപഞ്ചത്തിൽ ദേഹമാണ് ദേഹത്ത് ഉള്ളത്  ജീവനാണ് ജീവൻ ദേഹത്തെ കൊണ്ടേ പോകൂ ജീവനും ഭൂമിയെ കൊണ്ട് പോകാം ജീവൻ നശിപ്പിച്ചു ഭൂമിയെ രക്ഷിക്കാൻ ഉൾക്ക ഭൂമിയിൽ പതിച്ചിരിക്കാം കാലം കലി ആയി ഗണിച്ചിരിക്കാം

സ്വാതന്ത്ര്യത്തിനു ശേഷം

തോക്ക്;  പാറാവ്‌ നിൽക്കുന്ന ഇരുളിൽ സ്വാതന്ത്ര്യം കുട പിടിച്ചു നനയാറുണ്ട് കാഴ്ച ഇരുട്ടിൽ പിച്ചവെക്കുന്ന നാട്ടിൽ കണ്ണീർ; കണ്ണട വയ്ക്കാറുണ്ട് മഴക്കഞ്ഞിവെള്ളം  തിളയ്ക്കുന്ന തെരുവിൽ- മഴവെള്ളം കുടിലുകൾ കുടിക്കാറുണ്ട്. പരസ്യങ്ങൾ പ്പൂക്കുന്ന പാതയോരങ്ങളിൽ കരിയിലപ്പൂക്കളം തീർക്കാറുണ്ട്, വൈദ്യുതി മിന്നി മുറിയും  പുരകളിൽ പുക; ചായം പുരട്ടും മുറികളുണ്ട്. ഗോൾഫുകൾ ഉരുളുന്ന  മിനുങ്ങുന്ന പുല്ലിൽ ഗോലികൾ മുട്ട് മടക്കാറുണ്ട്. ക്രിക്കറ്റ്‌ പന്തുകൾ ഉരുളുന്ന വഴിയിൽ കൊത്തങ്കല്ലാടാൻ മറക്കാറുണ്ട്. വാക്ക്വം ക്ലീനെർ ഇഴയുന്ന തറകളിൽ ചൂലുകൾ മൂലകൾ വാഴാറുണ്ട്. സൂര്യൻ ഉദിച്ചു നില്ക്കുന്ന  പകലിൽ വെളിച്ചം കടക്കാത്ത വാതിലുണ്ട് എന്നോ ഉപേക്ഷിച്ച ജയിലിന്നറകളിൽ ജനങ്ങൾ പരോളിലിറങ്ങാറുണ്ട്‌. സ്വാതന്ത്ര്യക്കൊടിയേറ്റം നടക്കും മുഹൂർത്തങ്ങളിൽ അടിമകളെ സ്വതന്ത്രർ എന്ന് ആട്ടാറുണ്ട്! 

വാക്കുകൾ വരി ഉടച്ചത്

പെൻഡ്രൈവ് ഓർമയുടെ ആഴത്തിൽ  "ആണ്" എന്നും ഒരു പെൻഡ്രൈവ് മാത്രം പ്രവാസി നൂല് പാസ്പോർട്ടിൽ പറത്തുന്ന പട്ടം ആണ് പ്രവാസി നഗ്നത കണ്ണടച്ച് കാണേണ്ട സൗന്ദര്യമാണ് നഗ്നത രതി കണ്ണിൽ പറയുന്ന സ്വകാര്യമാണ് രതി വിക്ക്  വാക്കുകൾ വരി ഉടച്ചത്

ഓണം; അവധിയില്ലാത്തൊരു പ്രവാസിമലയാളി

ഭിത്തിയിൽ ചിറകടിച്ചു ചിലച്ചു; കലണ്ടർ ദേ.. ചിങ്ങമാസം ഇങ്ങെത്തിപ്പോയ്! തൊടിയിലെ പൂക്കളും തല നീട്ടി ചോദിച്ചു.. ഒള്ളതോ? കേട്ടത് സത്യമാണോ? വടിയൂന്നി വന്നൊരു അപ്പൂപ്പന്താടിയും എത്തിനോക്കുന്നു ജനാലമേലെ! മുറ്റത്തു നിന്നൊരു ഓര്ക്കിഡ്മദാമ്മയും തലയൊന്നുയർത്തി നോക്കി മെല്ലേ! ഫേഷ്യലു ചെയ്തൊരു ആന്തൂറിയം മാത്രം കണ്ണേറു  കിട്ടാതെ ഒളിച്ചു നിന്നു. തുമ്പയും തെറ്റിയും കുരുക്കുത്തി മുല്ലയും പൂക്കളതിരുവാതിരയ്ക്കോരുങ്ങി നിന്നു. വീട്ടിന്റെ മച്ചിൽ ഉറങ്ങിയ ഊഞ്ഞാലും- മയക്കം വിടാതെ മരത്തിലേറി! കാശില്ലാത്തൊരു പ്രവാസിയേ പോലെ- ഓണം; അവധി കടംവാങ്ങി വന്നു- എല്ലായിടവും എത്തി; മുഖമൊന്നുകാണിച്ചു- സദ്യയുണ്ടു...  മടക്കമോ? ഓടി പിടിച്ചു തന്നേ!

കവിതകൾ (മൊബൈൽ വെർഷൻ)

നിരായുധനായ മരണം  വികാരങ്ങളുടെ കുളിരിൽ മയങ്ങുന്ന സായുധനായ എന്നെ പിടിക്കുവാൻ മരിച്ചെന്നു പേരുദോഷം കേൾപ്പിക്കുവാൻ നിരായുധനായി വെറുതേ  വന്നൊരു ബധിരമൂക; പൂർണ്ണ വിരാമ ചിഹ്നം. നിസ്സഹായനെങ്കിലും അർദ്ധമാനസനായി  ഞാൻ എറിഞ്ഞു നല്കി എന്നായുധങ്ങൾ സിഗരറ്റും മദ്യവും ഏറ്റുവാങ്ങി അവൻ ദുർബലരായി ഞങ്ങൾ കീഴടങ്ങി ഇരുവരും ഒരുമിച്ചു  മരിച്ചു വീണു ലോഡ് ഷെഡിംഗ്  ഒരു ലോഡ് നിറയെ മഴകിട്ടി ഡാമിൽ കൊണ്ട് ഉണക്കാനിട്ടു ഉണക്കി പൊടിച്ചു കറണ്ടുമാക്കി പൽപ്പൊടി പോലെ കറണ്ടുമിന്നി വെളുക്കെ മന്ത്രിമന്ദിരങ്ങൾ പല്ലുതേച്ചു വെളുക്കെ ചിരിച്ചു തെരുവുവിളക്കുപോലെ നേരം ഇരുണ്ടപ്പോൾ കറണ്ട് പോയി ഉമിക്കരി പോലെ കറണ്ട് കട്ട് വന്നു ജനം ചിരിക്കാൻ മറന്നു പോയി പറ്റാത്ത പണി പറ്റീര് പണി  കവിത ഒരു പെണ്ണിന്റെ പേരും കവി ഒരു ആണിന്റെ പേരും ആണെന്ന് കണ്ടപ്പോൾ തോന്നി ഈ പണി നമുക്ക്  പറ്റിയതല്ല

വിസർഗം മറന്ന ദുഃഖം

കൌമാരം കൊഴിഞ്ഞു യൗവ്വനം വളർന്നു  മോഹം ശരീരത്തിൽ കൂട്ടുകൂടി ഇലകൾ കൊഴിഞ്ഞു മരമോന്നുലഞ്ഞു കിളികൾ വീണ്ടും കൂടുകൂട്ടി മഴയൊന്നു പെയ്തു ഇലയോന്നനങ്ങി എവിടെയോ പൂത്ത പൂ കൊഴിഞ്ഞു കാറ്റൊന്നടിച്ചു മരമോന്നനങ്ങി കൂട് വെറുതെ നിലത്തണഞ്ഞു മനസ്സിന്റെ മൂല്യം പലതവണ പേശി പ്രണയമായി  വിലയിട്ടുറപ്പിച്ചു മുഖമൊന്നു കുനിഞ്ഞു താലിചരട് മുറുകി  എവിടെയോ ജീവിതം കൂട്ടിലായി ശരീരം തൂക്കി  മറിച്ചങ്ങു  വിറ്റു വിലയോ രതിയായ് കൈമാറി. മാനം കറുത്ത് നാണം നനഞ്ഞു സ്ത്രീത്വം ഏതോ കരയ്ക്കടിഞ്ഞു ആലിംഗനം അയഞ്ഞു നാണം മരിച്ചു ദാമ്പത്യം എങ്ങിനെയോ പൂർണമായി ഹൃദയം  കലങ്ങി അധരം വിതുമ്പി കണ്ണിന്നു ചുറ്റും കരിപുരണ്ടു മനസ്സ് തടുത്തു മേഘമായ് കനത്തു കണ്ണീർ വീണ്ടും അണപൊട്ടി മധുരം നുണഞ്ഞു ഹൃദയം മദിച്ചു ജീവിതം എന്തിനോ മടിച്ചു നിന്നു നിലാവ് നിൽക്കേ സൂര്യനുദിച്ചു  വിസർഗം മറന്നു.. ദുഃഖം കിടന്നുറങ്ങി!

വിരഹിണി

ദു:ഖത്തിൻ ചില്ലിട്ട ജാലകം തുറന്നു നീ.. വളയിട്ട കൈകളാൽ മായ്ച്ചതെന്തേ? വിരഹം കുറുകുന്ന പ്രാവിന്റെ മൂളലായ്... പൊങ്ങിയോ? നിൻ ഹൃദയ സ്പന്ദനങ്ങൾ? വേനലായ്‌ വിണ്ടു കീറിയോ? ഹൃദയത്തിൽ.. ചിതലരിച്ചു ഉണങ്ങാത്ത മുറിപ്പാടുകൾ? ഇരുളിൽ തെളിയും മിന്നാമിന്നി പോൽ... തിളങ്ങിയോ? കണ്ണ് കൈവിട്ട തുള്ളികളും! കൊഴിഞ്ഞ തൂവലായ് ഉതിർന്നുവീഴുന്നുവോ?? ഞെട്ടറ്റടർന്ന നെടുവീർപ്പുകൾ!  മറന്നു വച്ചുവോ  കൂട്ടിൽ പക്ഷികൾ? പറക്കമുറ്റാത്ത കുഞ്ഞിതൂവലുകൾ.... മാറാലയായി വെച്ച്മറന്നുവോ? മറവി ഓർമിപ്പിക്കുന്ന  സാന്ത്വന രാവുകൾ.. വൈകുമ്പോൾ വാടുന്ന ചെടിയുടെ ഇലകളായ്!  മാറിയോ?  തളരുന്ന നിന്നുടലും... നീ അറിയാതെ പോകുന്നുവോ?  ശ്വാസനിശ്വാസവും, നിന്റെ; പാറി പറക്കുന്ന മുടിയിഴയും? വെറുമൊരു ചിന്തയായ് തോന്നി;  മറന്നുവോ? ആയുസ്സും;  ജീവിത ആൽമരത്തിൽ? കാലമാം കൊമ്പിന്റെ ഭാരം താങ്ങുവാൻ.. എന്ന് വരും? കൂട്ടിന്നു സ്നേഹത്തിൻ തായ്‌വേരുകൾ ?

മുമ്പ്

വർഷങ്ങൾക്കു മുമ്പ് ഒരു മഴക്കാലത്ത്‌ ഒരു രാജകുമാരൻ രാജ്യ ഭരണം ഉപേക്ഷിച്ചു സന്ന്യാസം  സ്വീകരിച്ചു പിന്നെ മതങ്ങൾ ഋതുക്കൾ പോലെ കടന്നു വന്നു. രാജ്യം അനാഥമായി ജനങ്ങൾ സന്യാസത്തിന്റെ പാതയിലായി. ഭരണം മതങ്ങൾക്ക് വിട്ടുകൊടുത്തു ജനം ബുദ്ധരായി. മതം പ്രബുദ്ധരായി.  മതേതരത്വ  മുഖം മൂടി വച്ച്  വര്ഗീയത ഭരിച്ചു മുടിച്ചു. മതങ്ങൾ ജനങ്ങളെ അന്വേഷിച്ചു തെരുവിലിറങ്ങി. കൈയ്യിൽ കിട്ടിയവരെ ആരാധനലയങ്ങളിലേക്ക് പിടിച്ചു കേറ്റി. ആരാധനാലയങ്ങൾ നിറഞ്ഞു കവിഞ്ഞു അത് ജനങ്ങളെ ഉൾക്കൊള്ളുവാൻ ആകാതെ പല ജാതിയായ് പൊട്ടി തകർന്നു. ജനം മരിച്ചു വീണു. ഉദക ക്രീയനടത്താൻ പണം ഇല്ലാതെ മതം; വര്ഗീയതക്ക് പഠിക്കുവാൻ ശവങ്ങൾ  വിട്ടു കൊടുത്തു. ശവം തിന്നു വര്ഗീയത ജീവിക്കുന്നു..  വൈദ്യുതി കണ്ടു പിടിക്കുന്നതിനു മുമ്പ് ഇരുളിൽ മനസ്സിന് വെളിച്ചമായി കത്തിച്ച മതം വൈദ്യുതി വന്നതിനു ശേഷം ഊതി കെടുത്തുവാൻ മടിച്ചതാണ് ഇന്നത്തെ ഊര്ജ പ്രതിസന്ധിക്ക് കാരണം. മനസ്സിന്റെ ശ്രീ കോവിലുകൾ വൈദ്യുതീകരിക്കുവാൻ ഈശ്വരന്റെ മുമ്പിൽ പകൽ പ്രകൃതിയിലെ സൂര്യ പ്രകാശവും... രാത്രി വൈദ്യുതി വിളക്കും കൊളുത്താൻ മടിച്ചു ഉറങ്ങിയ ഒരു ജനത.  

നാലുമണി കഥകൾ

പുഴയ്ക്കു   ഒരു കുപ്പി വെള്ളം പുഴ അന്ന് വഴി തെറ്റി ഒഴുകി.. അടുത്തുള്ള ബഹുരാഷ്ട്ര കുത്തക കടയിലേക്ക്.. ഒരു കുപ്പി വെള്ളത്തിനാണ്.. കൂടെ കരുതാൻ, ഒഴുകി കടലിൽ എത്തുമ്പോഴേക്കും തൊണ്ട നനക്കാൻ പോലും ഒരു തുള്ളി വെള്ളം പുഴയിലുണ്ടാവില്ലെന്നു അനുഭവത്തിന്റെ വെളിച്ചത്തിൽ പുഴ പഠിച്ചിരുന്നു.. സ്ത്രീകളും  ഐസക് ന്യുട്ടനും സ്വർണം കിലോ കണക്കിന് അണിഞ്ഞു ഒരുങ്ങുന്തോറും സുന്ദരി മുകളിലേക്ക് പൊങ്ങി കൊണ്ടിരുന്നു.. സ്വർണം അണിയുന്ന അധികം  പെണ്ണുങ്ങളും  തറയിൽ ഒന്നും അല്ലെന്നു മനസ്സിലാക്കിയ  ഏതോ പാവം ശാസ്ത്രഞ്ജൻ കവടി നിരത്തി ആ സത്യം വിളിച്ചു പറഞ്ഞു.. ഭൂമിയിൽ കാണപ്പെട്ടിരുന്ന സ്വർണ നിക്ഷേപത്തിന് ഭൂഗുരുത്വാകർഷണം നില നിർത്തുന്നതിൽ നിര്ണായക പങ്കു ഉണ്ടായിരുന്നെന്ന്. ഭാര്യയെ പേടി ഉണ്ടായിരുന്ന ഏതോ ശാസ്ത്രഞ്ജൻ അത് കണ്ടു പിടിച്ചിട്ടും പുറത്തു വിട്ടിരുന്നില്ലത്രേ.. സ്ത്രീയും സ്വർണവും സ്ത്രീത്വത്തെ ഏറ്റവും കൂടുതൽ മാനഭംഗപ്പെടുത്തിയത്.. കാരറ്റ് എത്ര ആയാലും സ്വർണം തന്നെ ആയിരുന്നു. അതാവും കൂടുതൽ സ്ത്രീകളും തന്റെ മാനം കാക്കാൻ സ്വർണം തന്നെ വേണമെന്ന് വാശി പിടിക്കുന്നത്‌. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ അവരെ ആരും പഠിപ്പി

ചിമ്പൻസി

സന്തോഷം വാലില്ലാത്ത ഒരു ചിമ്പൻസി ആയിരുന്നു. സന്തോഷം കൊണ്ട് പലപ്പോഴും അത് തുള്ളിച്ചാടി.. ഒരിക്കൽ ആ ചാട്ടത്തിൽ എത്തപ്പെട്ടത് ഒരു കടൽക്കരയിൽ ആയിരുന്നു. തിര പതിവ് പോലെ ആർത്തലച്ചു. പാവം ചിമ്പൻസി.. തെറ്റി ദ്ധരിച്ചു.. തന്നെ കണ്ടതിലുള്ള സന്തോഷം ആവും സ്വയം തോന്നി. ചിന്തിച്ചു എന്താ തന്നെ കണ്ടപ്പോൾ കടലിനു ഇത്ര സന്തോഷം തോന്നാൻ? ചിമ്പൻസി കടലിനെ സ്നേഹിച്ചു. കടൽ അവനൊരു മതം ആയി. ലോകത്തിലെ ഏറ്റവും വല്യ മതം കടൽ തന്നെ അല്ലേ? ചിമ്പൻസി അത് കടലിനോടു തുറന്നു പറഞ്ഞു. കടൽ ഞെട്ടി ഞാൻ ഒരു മതമോ? ശാന്തമാണെങ്കിലും ഞാൻ ഏറ്റവും വല്യ അപകടകാരി ആണെന്ന് നിഷ്കളങ്കനായ ഈ ചിമ്പൻസി മനസ്സിലാക്കുന്നില്ലല്ലോ. കടലും ചിമ്പൻസി യും നൂൽ ബന്ധം ഇല്ലാത്ത ചിന്തകളിൽ മുഴുകി. അവർ ചിന്തകളിൽ കൂടി ബന്ധപ്പെട്ടു. അവർക്കു ആശയം എന്ന കുഞ്ഞു പിറന്നു. കുഞ്ഞിനെ എന്ത് ചെയ്യും. കടൽ കയ്യൊഴിഞ്ഞു. ചിമ്പൻസി കുഞ്ഞിനെ കടൽ ക്കരയിൽ ഉപേക്ഷിച്ചു മറയും എന്ന് ഉറപ്പായപ്പോൾ കടലിനു ഒരു ഉപായം തോന്നി. എല്ലാ മതങ്ങൾക്കും തോന്നുന്ന ഉപായം. അതെ മതങ്ങൾ രണ്ടു കയ്യും നീട്ടി ആരെയും സ്വീകരിക്കുമല്ലോ മതത്തിൽ ജനിച്ചുകഴിഞ്ഞാൽ തായവഴി അവകാശം. മതം മാറിയാൽ പരിവർത്തനത്തിന്റെ സന്തോഷം