Skip to main content

അപായ ചിഹ്നം ചേർത്തൊരു പ്രണയ ചിത്രം

ഒറ്റയ്ക്ക് നിന്ന്
മുഷിഞ്ഞ മുളംതണ്ട്‌
മഴയിൽ നിന്ന്
ഒരു തുള്ളി വെള്ളമെടുത്ത്
ഇരുളിൽ നിന്ന്
ഒരൊറ്റ നിറവും
അടർത്തിയെടുത്തു
മഴവില്ല് കൊഴിഞ്ഞ
മുഹൂര്ത്തം നോക്കി
വായു രൂപത്തിൽ
ഒരു മുരളി ഉണ്ടാക്കുന്നു

അതിലേക്കു ഹൃദയം എന്നോ 
ദൂരെ ഏതോ മരക്കൊമ്പിൽ 
ഒളിപ്പിച്ച അസ്തമയകിളി
ആരോ മറന്ന
മയിൽപീലിയുമായി
ഓർമ്മ  ചിറകിൽ
 പറന്നു വരുന്നു

ഒരു രാഗം എഴുന്നേറ്റ്
ഒഴിഞ്ഞു കൊടുത്ത
ഉഷ്ണസുഷിരത്തിൽ
കൃഷ്ണന്റെ നിറത്തിൽ
അത് അനിശ്ചിതത്ത്വത്തോളം
വലിയൊരു  കൂടുണ്ടാക്കുന്നു
എന്നിട്ട് മുട്ടയുടെ ആകൃതിയിൽ
പാട്ട് പാടുന്നു
കാറ്റത് കേട്ട് താളം പിടിക്കുന്നു
ദൂരെയൊരു വൻമരം കോമരം
തുള്ളുന്നു

അത് കണ്ടും കേട്ടും
നേരം വെയിലിനോടൊപ്പം
കറുത്തിരുളുന്നു
കറുത്ത വെയിലിനെ
അന്നത്തേയ്ക്കു വായുവിൽ
കുഴിച്ചു മൂടി എന്നും
അടുത്ത ദിവസം മാത്രം
നറുക്കെടുക്കുന്ന 
നാളെയെന്നൊരു  
ഭാഗ്യക്കുറിയും വാങ്ങി 
ചുവന്ന സൂര്യൻ
ബന്ധങ്ങളുടെ ഭാരമില്ലാതെ
കടന്നു പോകുന്നു

കണ്ണ് കാണാതെ
പിടി വിട്ട് 
താഴേക്ക്‌ വീണു പോകുമോ
എന്നൊരു പേടി
ആകാശം നക്ഷത്രങ്ങളാക്കി
ചുവരിൽ കെട്ടി തൂക്കുന്നു..
ആ നക്ഷത്രങ്ങൾ 
പകൽ നോമ്പ് നോക്കുന്നതായും 
രാത്രി ഇല്ലാത്ത മാമ്പഴങ്ങൾ
കട്ട് തിന്നുന്നതായും 
ആരോ സംശയിക്കുന്നു, 
ആ സംശയം പിന്നെ
വിളിക്കാത്ത 
ഒരു വിവാഹത്തിലേയ്ക്ക് 
സമ്മാനങ്ങൾ 
ഒന്നും കരുതാതെ
കൈവീശി നടക്കുന്നു

മരിച്ചോ എന്ന് പോലും
ഉറപ്പില്ലാത്ത വെയിലിന്റെ
വിധവപോലൊരു നിലാവ്
വെള്ള ഉടുത്ത്
മിഴി നീരുണക്കി    
കടന്നു വരുന്നു

ആകാശം ഇപ്പൊ
താഴെ വീഴും എന്ന്
നിമിഷങ്ങൾഎണ്ണി
സ്വപ്നം കണ്ടിരുന്ന ഭൂമി,
തന്റെ ഭാരം മുഴുവൻ
അളന്നു തിട്ടപ്പെടുത്തി
മനുഷ്യന്റെ കാലിൽ
കെട്ടി വെച്ച്
ഏതോ ചെടിയ്ക്ക്‌
ഇതൾ എണ്ണി
അളവെടുത്തു    
പൂവുണ്ടാക്കി
 കണ്ണിനു കാണാത്ത
നിറം കൊടുത്തു
കളിക്കുന്നു

ഭൂമിയും ആകാശവും
കൈവിട്ട സ്വപ്നം   
ഏതോ നിമിഷത്തിൽ
മരിച്ച പോലെ
വീണു പോകുന്നു

നിശാ ശലഭങ്ങൾ 
ശവമെടുക്കുവാൻ
കറുപ്പുടുത്തു 
പറന്നു വരുന്നു


ഓടകുഴൽ അന്നത്തെ 
കളി മതിയാക്കി 
പാട്ടിന്റെ കൂട്ടിലേയ്ക്ക്‌ 
വിശന്നു ചേക്കേറുന്നു
ഒരൊറ്റ നിമിഷം കൊണ്ട് 
കിളി വരുംവരായ്കകളിലെയ്ക്ക്    
ഹൃദയം ഇല്ലാതെ  
ഒറ്റയ്ക്കാകുന്നു
കണ്ണുനീരിൽ അത്
ആരാന്റെ നെഞ്ചത്ത്
അപായ ചിഹ്നം ചേർത്തൊരു
പ്രണയ ചിത്രം വരയ്ക്കുന്നു

Comments

  1. യാഥാർത്ഥ്യത്തിന്റെ ഇന്ദ്രജാലം തിരിച്ചറിയുമ്പോൾ അതിന് തീക്ഷണതകൂടും .
    വാങ്മയങ്ങളിൽ കാഴ്ചവെക്കുന്ന ഇന്ദ്രജാലമാണ് ബൈജുവിന്റെ കവിതകളുടെ പ്രധാന ആകർഷണം ......

    ബിംബകൽപ്പനകളുടെ പ്രയോഗക്ഷമത അത്ഭുതപ്പെടുത്തുന്നത്
    നല്ല കവിത ......

    ReplyDelete
  2. വായിച്ചു തുടങ്ങുമ്പോള്‍ സത്യത്തില്‍ അത്ഭുതം ആയിരുന്നു... പാട്ടിന്‍റെ കൂട്ടിലേയ്ക് വിശന്നു ചേക്കേറുന്ന ഓടക്കുഴലും മുട്ടയുടെ ആകൃതിയില്‍ പാട്ട് പാടുന്ന അനിശ്ചിതത്വവും !!! > അവിടെ ഞാന്‍ ഓര്‍ത്തു -ശെടാ, ഇതെന്തൊരു മായിക ബിംബങ്ങള്‍ എന്ന്!!! ആദ്യ കമെന്റില്‍ എന്നെ ചിരിപ്പിച്ചു - അതന്നെ - അതെ അതന്നെ.... magical realism !!! നന്ദി മാഷെ....

    ReplyDelete
  3. ആകാശം ഇപ്പൊതാഴെ വീഴും എന്ന്
    നിമിഷങ്ങൾഎണ്ണി സ്വപ്നം കണ്ടിരുന്ന ഭൂമി,
    തന്റെ ഭാരം മുഴുവൻ അളന്നു തിട്ടപ്പെടുത്തി
    മനുഷ്യന്റെ കാലിൽ കെട്ടി വെച്ച് ഏതോ ചെടിയ്ക്ക്‌
    ഇതൾ എ ണ്ണി അളവെടുത്തു പൂവുണ്ടാക്കി കണ്ണിനു
    കാണാത്ത നിറം കൊടുത്തുകളിക്കുന്നു

    ReplyDelete
  4. Nalla bhaavana, bimbaathmakam.

    ReplyDelete
  5. ബൈജു ഭായ്,

    നിങ്ങൾ ആസ്വാദക ഹൃദയത്തിൽ ആശ്ചര്യചിഹ്നം ചേർത്തൊരു കാവ്യചിത്രമാണ് തീർത്തത്.! വളരെ മനോഹരമായി എഴുതി. ഭാവനയുടെ മാസ്മരികതയുണ്ട് വരികളിൽ.! ഇഷ്ടം..


    ശുഭാശംസകൾ....


    ReplyDelete
  6. നാലു തവണ വായിച്ചു.
    മാജിക് കുറെ തിരിഞ്ഞത് അപ്പോഴാണ്‌.
    ഉഷാറായിരിക്കുന്നു ഭാവന

    ഭൂമിയും ആകാശവും
    കൈവിട്ട സ്വപ്നം
    ഏതോ നിമിഷത്തിൽ
    മരിച്ച പോലെ
    വീണു പോകുന്നു

    ReplyDelete
  7. എന്നെ നിറഞ്ഞിരിക്കുന്നു, കവേ

    ReplyDelete

  8. സ്വപ്നത്തിൽ പോലും വിരുന്നുവരാത്ത കാഴ്ച്ചകളുമായൊരു വിരുന്ന് ..
    അതാണ്‌ താങ്കളുടെ എഴുത്തുകൾ !
    ആശംസകൾ !!

    ReplyDelete
  9. വലിയ കവിത. ഇരുത്തി വായിക്കണം.

    ReplyDelete
  10. കവിത എനിക്ക് കത്തിയില്ല. ഇനിയുമൊരുപാട് വായനകൾ വേണ്ടി വരും എന്ന് തോന്നുന്നു.

    ReplyDelete
  11. ഭാവന അതിമനോഹരം. ആശംസകള്‍

    ReplyDelete
  12. ഈ മനോഹരമായ കവിതയുടെ അര്‍ത്ഥ തലങ്ങളിലേക്ക് എത്തിച്ചേരാന്‍ ഞാന്‍ അശക്തനാണു.....എങ്കിലും ആശ്ചര്യത്തോടെ കവിത മൂന്ന് തവണയെങ്കിലും വായിച്ചു എന്നറിയിക്കട്ടെ...

    ReplyDelete
  13. വായിച്ചു പോവുന്നു.

    ReplyDelete
  14. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  15. Pretty,pretty,pretty....full of fancy ,imaginations and beautiful. Imagery . Namiykyunnu eee kavyaprathibhaykyu munnil

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം