Skip to main content

മടക്ക ശിൽപം

എല്ലാവരും ഉണ്ടായിട്ടും
അനാഥനെ പോലെ
ഏതോ പുഴ എവിടുന്നോ
കടത്തി കൊണ്ട് വന്നതാണ്

കടൽ എന്നത്
വളരെ ദൂരെ നിന്നു
വായിക്കാവുന്ന
ഏതോ അനാഥാലയത്തിന്റെ
 ബോർഡായിരുന്നു

അറബി
കടൽ സംസാരിക്കുന്ന
ഭാഷയും

എന്നാലും
എനിക്കിനി വയ്യ
അലയുന്ന  കടൽ ജീവിതം

എനിക്ക് ഓർക്കണം
ആ പഴയ  പുഴ ജീവിതം
വീണ്ടും ആ പുഴയുടെ രക്തമാവണം

അലിയണം
ഈ അലച്ചിൽ മതിയാക്കി
തിരിച്ചു പോകണം
പുഴയിലേക്ക്
അതിലെ ഒഴുക്ക്
വകഞ്ഞു മാറ്റി
നീന്തുന്ന മീനുകളുടെ
കണ്ണുകൾ തെളിക്കുന്ന
വെളിച്ചം കണ്ട്

പുഴയിലെ വഴിയിലൂടെ
പ്രകാശമില്ലാത്ത
തകരുന്ന  മിന്നലിൽ
എന്നും
പുതുക്കപ്പെടുന്ന  മഴയിലേയ്ക്ക്‌

അതിലെ
ഒരൊറ്റ മഴത്തുള്ളിയാകണം
ചിന്നി ചിതറിച്ച
ഇലകളിലൂടെ   നടന്നു
തിരിച്ചു മരം കയറി
മുകളിലേയ്ക്ക് മടങ്ങി പോകണം
ഒരൊറ്റ  തണുത്ത മഴയിലേയ്ക്ക്‌

അതിനിടയിൽ  പുഴയിൽ
പുതിയൊരു
 വെള്ളച്ചാട്ടത്തിന്റെ മരം
നടണം

ഘനീഭവിച്ചു
പയ്യെ പയ്യെ  പെയ്യിച്ച
അന്തരീക്ഷത്തിലേയ്ക്ക്

 ഒരു കാറ്റിന്റെ
 തോണി തുഴഞ്ഞു
ഒച്ച ഉണ്ടാക്കാത്ത
ഒരു നിശബ്ദ  ഇടിയിൽ
ഇടി ഒഴിഞ്ഞ
മേഘത്തിലെയ്ക്ക്
 തിരിച്ചു പോകണം
വന്ന വഴിയെ
അണുവിട തെറ്റാതെ

അതിനു മുമ്പ് അന്തരീക്ഷത്തിൽ
പുഴയ്ക്കും മഴയ്ക്കും ഇടയിൽ
ഒരു ശിൽപം ഉണ്ടാക്കണം
ഒഴുകുന്ന പുഴയിൽ
പെയ്യുന്ന മഴയുടെ

വീണ്ടും കാണുബോൾ
താരാട്ടു കൊണ്ട് കെട്ടിയ
തൊട്ടിലു    പോലെ
ചെറുതാകുമായിരുന്ന
വിശാലമായ ആകാശത്തിലേയ്ക്ക്
എനിക്കെന്റെ പഴയ  നക്ഷത്രത്തിന്റെ
അയൽക്കാരനാവണം

അവിടെ നക്ഷത്രങ്ങൾ കണ്ണ് ചിമ്മി
ഇടയ്ക്കിടയ്ക്ക് മങ്ങുന്നതിന്റെ
രഹസ്യം  കണ്ടു പിടിക്കണം

 ആകാശം ഒരു അമ്മയോളം
ചെറുതാകുന്ന
രണ്ടക്ഷരത്തിന്റെ മടിയിലെ
കണ്ണ് ചിമ്മുന്ന കുഞ്ഞാകണം
അവിടെ സ്വന്തം
മാറത്തു  ഞെട്ടിൽ
നിലവിളക്ക് കൊളുത്തി
എരിയുന്ന അമ്മ മുഖം കാണണം

സ്നേഹമൊഴിച്ചുള്ള
വികാരങ്ങൾ മുണ്ഡനം ചെയ്ത തല
ഒരു കുഞ്ഞുഭിക്ഷുവിനെ
 പോലെ കുനിക്കണം
കണ്ണുകൾ കൊണ്ട് തീ അണക്കണം


പ്രണയ പാപങ്ങൾ പ്രസവിച്ചു
ചുവപ്പിച്ച ചോര
നിഷ്കളങ്കമായ ഒറ്റ ചുംബനത്തിൽ
വെളുപ്പിച്ചു
അമ്മിഞ്ഞ പാലാക്കണം
മാതൃത്വത്തിന്റെ  ചുണ്ടിലെ ഒരിക്കലും
മായരുതാത്ത പഴയ പുഞ്ചിരിപൂങ്കുല
പുതുക്കി തിരിച്ചു  നല്കണം

നിലാവ്  കൊളുത്തി വച്ച്
സൂര്യനെ അന്ന് പതിവിലും കുറച്ചു നേരത്തെ
ഒന്നൂതി അണയ്കണം
അതിലൂടെ പൂർണമായി മാഞ്ഞു പോണം

പൂക്കളെ പോലെ പല നിറമുള്ള
വെയിൽ കൊളുത്തി അതി രാവിലെ
പുതിയൊരു സൂര്യനെ പിന്നെയും
ആരെങ്കിലും  തെളിയ്ക്കുമായിരിക്കും      

Comments

  1. സ്നേഹമൊഴിച്ചുള്ള
    വികാരങ്ങൾ മുണ്ഡനം ചെയ്ത തല
    ഒരു കുഞ്ഞുഭിക്ഷുവിനെ
    പോലെ കുനിക്കണം
    കണ്ണുകൾ കൊണ്ട് തീ അണക്കണം

    പ്രതിഭയുള്ള കവി!

    ReplyDelete
  2. പിന്നെയും ആരെങ്കിലും...

    ReplyDelete
  3. ഒരുപാട് വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യേണ്ട വരികളാണ് വിരൽത്തുമ്പുകൾ സൈബർ സ്പെയിസിലേക്ക് പകർത്തെഴുതുന്നത് .....

    ReplyDelete
  4. നന്നായിരിക്കുന്നു പ്രിയ മണിയങ്കാലാ......!
    സ്നേഹമൊഴിച്ചുള്ള
    വികാരങ്ങൾ മുണ്ഡനം ചെയ്ത തല
    ഒരു കുഞ്ഞുഭിക്ഷുവിനെ
    പോലെ.....കുനിക്കില്ല ...ഉയര്‍ത്തി തന്നെ പിടിക്കും..!

    ReplyDelete
  5. വാക്കുകൾ ഘനീഭവിപ്പിച്ച്‌, ഭായിയിലെ കവി പെയ്യിക്കുന്നു; നല്ല കവിതകളുടെ കുളിർമഴ ആസ്വാദക ഹൃദയങ്ങളിലേക്ക്‌..!!

    വളരെ മനോഹരം. അഭിനന്ദനങ്ങൾ...


    ശുഭാശംസകൾ......

    ReplyDelete
  6. മനോഹരമായിരിക്കുന്നു വാക്കുകളുടെ പെയ്ത്ത്.
    ആശംസകള്‍

    ReplyDelete
  7. നിഷ്കളങ്കതയിലേക്ക് ഒരു തിരിച്ചുപോക്ക്.. കവിഭാവന എഴാകാശത്തിന്റെ അതിരുകളും ഭേദിച്ച് ഒരു നവലോകത്തെക്ക്..മനോഹരം..

    ReplyDelete
  8. പ്രണയ പാപങ്ങൾ പ്രസവിച്ചു
    ചുവപ്പിച്ച ചോര
    നിഷ്കളങ്കമായ ഒറ്റ ചുംബനത്തിൽ
    വെളുപ്പിച്ചു
    അമ്മിഞ്ഞ പാലാക്കണം
    മാതൃത്വത്തിന്റെ ചുണ്ടിലെ ഒരിക്കലും
    മായരുതാത്ത പഴയ പുഞ്ചിരിപൂങ്കുല
    പുതുക്കി തിരിച്ചു നല്കണം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം