Skip to main content

Posts

Showing posts from August, 2014

തെരുവ്

എങ്ങോട്ടോ പോകണം എന്ന്  പെട്ടെന്ന് തോന്നുമ്പോൾ  തെരുവ് ഉടനെ ഒരു  കറുത്ത ഉടുപ്പെടുത്തിടും ആദ്യത്തെ ഒന്ന് രണ്ടു ബട്ടൻസ് നെഞ്ചത്ത്‌ തന്നെ  ഗട്ടർ പോലെ വെറുതെ തട്ടി ഇടും  ചില രോമങ്ങൾ അപ്പോൾ  യാത്രക്കാരെ പോലെ  എഴുന്നേറ്റു നില്ക്കും  ആദ്യം വരുന്ന ഏതെങ്കിലും  വാഹനത്തിന്റെ തേഞ്ഞു തീരാറായ  ടയറിലേയ്ക്ക്  അശ്രദ്ധമായി എന്ന് തോന്നത്തക്കവണ്ണം  തന്നെ ഓടിക്കയറും  കയറുന്നതിനു മുമ്പ്  ഒന്ന് ചവച്ചു മുറുക്കാൻ പോലെ  ചുവപ്പിച്ചു എന്തോ ഒന്ന് നീട്ടി തുപ്പും  തുപ്പി തീരും മുമ്പേ  അപകടം എന്ന് ബോർഡ്‌ വച്ച വളവുള്ള സ്ഥലത്ത്  ആളിറങ്ങണം എന്ന് പറയാതെ  വെറുതെ കാറ്റ് കൂടി ഊരി ടയറിൽ  നിന്ന് തെരുവ് ഇറങ്ങി പോകും  അവിടുന്ന് ഇടത്തോട്ടു തിരിഞ്ഞു  വലത്തോട്ട് മാറി  ഏതെങ്കിലും വീട്ടിലോട്ടു വെറും  വഴിയായി കയറി ചെല്ലും കുറച്ചു കണ്ണുനീർ വാങ്ങി കുടിച്ചു  വിലാപയാത്രയായി  തിരിച്ചിറങ്ങി അനുശോചനം പോലെ നടന്നു പോകും

പ്രായോഗിക പ്രണയം അഥവാ മരണത്തിന്റെ പ്രിന്റ്‌ഔട്ട്‌

കിളികൾ മറക്കാതെ  വിളിച്ചുണർത്തും വരെ നമുക്ക്  സ്വപ്നമായി കിടന്നുറങ്ങാം  ഉണർന്നാൽ  നമുക്ക് നമ്മുടെ ഒറ്റ ചില്ലയിലെയ്ക്ക്  മരംപോലും നമ്മുടെ മതം അറിയാതെ  സമാധാനപരമായി പറന്നുയരാം മരങ്ങളുടെ ഇലകളിൽ  ഹരിതകം പുരട്ടി മഴയിൽ കുളിച്ചു വെയിലിന്റെ ലേപനംപുരട്ടി രാത്രിയുടെ ഇരുണ്ട അഴുക്ക് കഴുകി കളയാം എന്നിട്ട് രണ്ടിന്റെ ഇരട്ടിപ്പിലെയ്ക്കും പൂജ്യത്തിന്റെ ശൂന്യതയിലെയ്ക്കും അനായാസേന കയറി ഇറങ്ങാവുന്ന എണ്ണൽ സംഖ്യയായി പ്രായോഗിക പ്രണയത്തിന്റെ താഴെത്തട്ടിലെയ്ക്കിറങ്ങി ഗാഡമായി ഒന്നാകാം പിന്നെ പിരിഞ്ഞു പുതുകോടി കൊണ്ട് ശരീരം അളന്ന് തിട്ടപ്പെടുത്തി ബ്രൈലി ലിപിയിൽ അടയാളപ്പെടുത്തി അടുത്തുള്ള വൈദ്യുത ശ്മാശാനത്തിലെയ്ക്ക് ഒരു ആഘാതമായി ചെന്ന് ചാരത്തിൽ മരണത്തിന്റെ പ്രിന്റ്‌ഔട്ട്‌ സ്വയം എടുക്കും വരെ സന്തോഷമായി മനുഷ്യരായി ജീവിച്ചിരിക്കാം

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ

മരുമഴഭൂമി

വരൾച്ച  ഉണക്കി പൊടിച്ചു  മണലാക്കി മരുഭൂമികൾ  വെയിൽ  വളർത്തി വലുതാക്കി  കാലു നീട്ടി ഒട്ടകങ്ങൾ  ഒട്ടകത്തിൽ നിന്ന്  നിറം എടുത്തു  ചായം പുരട്ടുന്ന മണൽതരികൾ വെള്ളമില്ലാത്ത പുഴ നീന്തി മരുഭൂമിയിലേയ്ക്ക് വരണ്ടമഴ മലയാളം ചവച്ചരച്ചു ജലം അയവിറക്കി ഒട്ടകത്തിന്റെ മുഖം മൂടി വച്ച് പച്ചപിടിക്കാൻ വരൾച്ചയിലലയുന്നു