Skip to main content

Posts

Showing posts from October, 2014

സ്റ്റാറ്റസ് കവിതകൾ മൂന്നാം ഭാഗം

ഞാൻ മുള്ള്   നിന്നെ സ്നേഹിക്കുവാനായി  മാത്രം കൂർപ്പിച്ചവയാണ് ഭൂമിയിലെ എല്ലാ മുള്ളുകളും  എന്നെ പോലെ കണ്ണാടി നിന്റെ ചുണ്ടുകൾ  രഹസ്യമായി മുഖം നോക്കുന്ന  കണ്ണാടിയാണ്  എന്റെ കാതുകൾ തോരണം ഒഴുകുന്ന  പുഴയിൽ നിന്ന്  ഇരുകൈ കൊണ്ട്  ഉലയാതെ  കോരി എടുക്കണം  നിന്റെ നാണം കുണുങ്ങുന്ന  പ്രതിച്ഛായ  അതിൽ എനിക്കെന്റെ  മുഖം കൊണ്ട് തീർത്ത മഴമാല ചാർത്തണം ഒരിക്കലും അടങ്ങി കിടക്കാത്ത നിന്റെ കണ്‍പീലിയിൽ മഴവില്ലരച്ച് മയിൽപീലി വർണത്തിൽ മൈലാഞ്ചി പുതപ്പിക്കണം പിന്നെ എന്റെ കണ്ണിലെ ഇമകൾ തുറന്ന് എപ്പോഴും കാണുന്ന സ്വപ്നത്തിലെ മായാത്ത തോരണമാക്കണം മഴയിൽ കുഴിച്ചിടണം ആഴത്തിൽ കുഴിയെടുത്ത്  മഴയിൽ കുഴിച്ചിടണം  ജീവിച്ചു നശിപ്പിച്ച  ചവിട്ടി നിൽക്കേണ്ട മണ്ണുകൾ കണ്ണുകൾ കണ്ണുനീർ  തിളപ്പിക്കുന്ന അടുപ്പുകളാണ്  കണ്ണുകൾ വീടില്ലാത്ത വെയിൽ സന്ധ്യ ആയാലും  പോകുവാൻ  ഒരു വീട് പോലും ഇല്ലാത്ത  വെയിലുകളും ഉണ്ട്  അതാണ്‌ പിന്നെ ഏതെങ്കിലും  തെരുവ് വിളക്കുകളിൽ ബൾബോ ട്യൂബോ വിരിച്ചു  പ്രാണികളെയും ആട്ടി  ഉറക്കം വരാതെ  കിടക്കുന്നുണ്ടാവുക വെടിയുണ്ട തൊട്ടു തൊട്ടില്ല  എന്ന മട്ടിൽ വന്ന് മരണത്തിലേയ

വികസനം

ഒരു മഴ കനവു കണ്ടു നനവ്‌ കൃഷി ചെയ്യുന്നതിനിടയിൽ വിള നശിച്ച് ഉണങ്ങി പോകുന്ന വെള്ളമാണ് പുതിയൊരു പുലരിയിൽ വെളിച്ചമായി പുനർജനിക്കുന്നത് പിന്നെ അബദ്ധം  പറ്റാതിരിക്കാൻ വെളിച്ചം നടുന്നത് വരൾച്ചയാണ് ബാക്കി വന്ന ഇത്തിരി പച്ചപ്പും  പൂക്കളുടെ നിറം പോലും വളമായി ഇട്ട് പുതിയൊരു സൂര്യൻ പുഷ്പിച്ച് അതിൽ നിന്ന്   വെയിൽ വിളവെടുക്കും വരെ അതാണ്  പകലായി നീണ്ടു പോകുന്നതും കുടിവെള്ളമില്ലെങ്കിലും  വികസനമായി ജനം വായിക്കപ്പെടുന്നതും 

പാദസരം

നിന്റെ കണ്ണീരു  കൊണ്ട് കഴുകിയത് കൊണ്ട് മാത്രം തിളങ്ങുന്ന പാളത്തിലേയ്ക്ക് എന്റെ നെഞ്ചിന്റെ താളത്തിൽ മിടിച്ചു മിടിച്ചു നമ്മളുടെ ഹൃദയം പോലെ കല്ലിച്ചു വന്നു നില്ക്കുന്ന തീവണ്ടി അതിലേക്കു നിന്റെ കാലുകൾ വച്ച് ഒരു ടിക്കറ്റിന്റെ  ചതുരത്തിലെയ്ക്ക് മടിച്ചു മടിച്ചു പിടിച്ചു കയറുന്ന ഞാൻ നിന്റെ  കണ്ണുനീരിന്റെ പ്രതിബിംബം  തീവണ്ടിയിൽ  പ്രതിഫലിച്ച് അലകൾ  ഇളകി തുടങ്ങുമ്പോൾ തീവണ്ടി ചലിച്ചു തുടങ്ങുന്നു  ഇരുമ്പ് കൊണ്ടുണ്ടാക്കിയത് കൊണ്ട് മാത്രം തിരിച്ചു വരാനാകാതെ അകന്നകന്നു പോകുന്ന അതേ തീവണ്ടിയുടെ ഒച്ച മുറിച്ചു നീ തേങ്ങലുണ്ടാക്കുന്നു പിന്നെ പുതിയൊരു ഏങ്ങൽ കൊണ്ട് ആ തീവണ്ടി രണ്ടായി മുറിച്ച് അതിന്റെ കുലുക്കം പോലും കളയാതെ കിലുക്കങ്ങളായി എടുത്തു വച്ച് ഞാൻ തിരികെ  വരും വരെ കൊലുസ്സുകളാക്കി നീ കാലിലണിയുന്നു 

ലാഭം

നിറങ്ങളുടെ നഗരത്തിലേയ്ക്ക് വിയർത്തൊലിച്ച് ഒരു മുറിവിറങ്ങി നടക്കുകയാണ്   ചോര അതിൽ ബാക്കിയുള്ള  ഇത്തിരി ചോപ്പ് വേരുകളിൽ നിന്നും പുറപ്പെട്ടു പോയ ഗ്രാമത്തിലെ  മരങ്ങളെ തിരയുന്ന  കരിയിലകൾ അവരുടെ അരക്ഷിതാവസ്ഥ എന്നത്തേയും പോലെ അന്നും നഗരത്തിലെ കാലാവസ്ഥ ആപ്പിൾ എന്ന നാടകത്തിൽ കുരു ആയി അഭിനയിക്കുവാൻ തെരുവിൽ കാത്തു നില്ക്കുന്ന മനുഷ്യർ ഉറുമ്പിന്റെ കൈയ്യിൽ നിന്നും അതിനു അവർ കടം വാങ്ങിയ വരി മുഖത്ത് പുരട്ടിയിരിക്കുന്ന  പൊങ്ങച്ചത്തിന്റെ ചമയം പുതിയ കാലത്ത് അന്തക ആപ്പിളിൽ കുരുക്കൾക്ക് സ്ഥാനം ഇല്ല എന്നുള്ള പോസ്റ്റർ നാവ് കൊണ്ട് ബധിര കർണങ്ങളിൽ അപ്പോഴും ഒട്ടിക്കുന്നുണ്ട് അതെ തെരുവിൽ ഗൃഹാതുരത്വം ബാക്കി വച്ച കടുമാങ്ങ രുചിയിലെ  ഒരെരിവ് വിശപ്പുമായി കൂട്ടി ഇടിച്ചു മരിച്ച ഭൂഗുരുത്വാകർഷണം അടക്കുവാൻ സ്ഥലമില്ലാതെ ഭൂമി അരിവാൾ തുരുമ്പെടുക്കുന്ന നാട്ടിൽ മണ്ണിൽ വിതയ്ക്കാതെ ലാഭം കൊയ്യുന്നു ലോകം  കൈയ്യേറിയ ബഹുരാഷ്ട്ര കുത്തകകൾ