Skip to main content

കറങ്ങുന്നതിനിടയിൽ ഭൂമിക്കു പാർക്ക് ചെയ്യാൻ മുട്ടുന്നു!!!

സഞ്ചരിക്കുന്നതിനിടയിൽ,
കറങ്ങുന്നതിനിടയിൽ,
ഭൂമിക്കു ഒന്ന്; നിർത്തിയിടണം-
എന്ന് തോന്നുന്നു..
ഒന്ന് വിശ്രമിക്കണം എന്ന് തോന്നുന്നു.
ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി
മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,
 എന്റെ കൊച്ചു വീട്ടു മുറ്റം..
ആ  വീടിന്റെ മുറ്റത്ത്‌,
ഒരു യുക്തിക്കും നിരക്കാത്ത വിധത്തിൽ,
കുറച്ചു നിരപ്പ് മാത്രം ഉള്ള,
മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്-
കറക്കത്തിന്റെ വേഗത കുറച്ചു,
ഒരു കുലുക്കത്തോടെ,
എന്നെ ഒന്ന് ഭയപ്പെടുത്തി
ഭൂമി കയറ്റി നിർത്തുന്നു ...
അതിൽ നിന്ന് ആദ്യം ഞാനിറങ്ങി
എന്റെ വീട്ടിലേയ്ക്ക് കയറി പോകുന്നു..
ആ സമയത്ത്,
വീടുകളിലെ ഘടികാരങ്ങൾ;
പെട്ടെന്ന് നിലക്കുന്നു.
സൂചികൾ താഴേക്ക്‌ തൂങ്ങിയാടുന്നു,
അതിലൊരു ഘടികാരം താഴെ വീഴുന്നു,
ആ ഘടികാരത്തിൽ കൂട്ടി വച്ച നിമിഷങ്ങൾ;
ഒരു തിരക്ക് പോലെ;
പുറത്തേയ്ക്കിറങ്ങുന്നു.
അത് വിവിധ രാജ്യക്കാരാകുന്നു,
അവർ പല ഭാഷ പറയുന്നു,
അവരവരുടെ മതക്കാരെ കുറിച്ച് മാത്രം;
രഹസ്യമായി തിരക്കുന്നു.
മാദ്ധ്യമങ്ങളിൽ; കേരളത്തിൽ-
ഭൂമി ഇറങ്ങിയ കാര്യം,
ദ്രുത വാർത്തയായി;
കടന്നു പോകുന്നു..
അത് ഒരു തീവണ്ടി ആണെന്ന്,
ആരും തെറ്റിദ്ധരിക്കുന്നില്ല.
അത് കൊണ്ട് കേരളം പെട്ടെന്ന്;
പാളം തെറ്റുന്നുമില്ല.
പക്ഷെ തീവണ്ടി ചക്രങ്ങൾ; പുതുതായി,
ചതുരത്തിന് പഠിച്ചു തുടങ്ങുന്നു.
പൊടുന്നനെ-
കേരളത്തിലെ എല്ലാ വീടുകളും,
'കടകൾ' എന്ന് നാമകരണം ചെയ്യപ്പെടുന്നു,
തങ്ങളെ ഒഴിച്ച്,
ഓരോരുത്തരും കയ്യിലുള്ളതെല്ലാം,
വില്പ്പനയ്ക്ക് വെയ്ക്കുന്നു.
ആഗോള വല്ക്കരണം എന്ന് ചാനൽ ചർച്ച
വൈകി ഉണരുന്ന ഭരണകൂടം,
മുതലാളിമാർ  അവസരം മുതലെടുക്കുന്നു.
എല്ലാവരും തിരിച്ചു കയറി പോകാൻ,
തയ്യാറെടുക്കുന്ന ഭൂമിയിലേയ്ക്ക്,
റിയൽ എസ്റ്റേറ്റ്‌ കഷ്ണങ്ങളായി മുറിച്ച
കടലാസുമായി, അവർ-
വില്പ്പനയ്ക്ക് കയറുന്നു..
ഓരോരുത്തരുടെയും മടിയിലിട്ടു
കാശിനു കൈ നീട്ടുന്നു..
കാശു വാങ്ങി ഇറങ്ങുന്നതിനു മുമ്പ്,
ഭൂമി മുമ്പോട്ടെടുക്കുന്നു...
മുന്നോട്ടെടുത്ത ഭൂമിയിൽ;
കേരളം പറ്റിപിടിച്ചുപോയ വാർത്ത‍,
നാളത്തെ പത്രത്തിൽ..
ഇന്നേ ഒട്ടിപ്പിടിച്ചു തുടങ്ങുന്നു!

Comments

  1. ആദ്യഭാഗം വളരെ ഇഷ്ടമായി കേട്ടോ...ചില വരികള്‍ ഞാന്‍ കുറിച്ചുവെച്ചിട്ടുണ്ട് തരം പോലെ പ്രയോഗിക്കാന്‍....

    //ഇല്ലാത്ത നെല്ലിന്റെ ഓർമ ഉണക്കി
    മുറ്റം ചിക്കിക്കൊണ്ട് നില്ക്കുന്ന ഞാൻ,//

    //മണ്ണിന്റെ അത്തർ പൂശിയ മുറ്റത്തേയ്ക്ക്-//

    മനോഹരം!

    ReplyDelete
  2. ഭൂമി കറക്കം നിറുത്തിയിട്ടും നമ്മുടെ ചാനൽക്കാരൊന്നും അറിഞ്ഞില്ലേയാവോ....?

    ReplyDelete
  3. വിചിത്രം നിന്റെ ഭാവനകള്‍!!
    സ്നേഹാധിക്യം അറിയിക്കട്ടെ

    ReplyDelete
  4. നല്ല ചിന്ത ...നന്നായി ...!

    ReplyDelete
  5. നന്നായിരിക്കുന്നു.

    ReplyDelete
  6. അതിന് ഒരു പാർക്കിങ്ങ് ഏരിയ കിട്ടണ്ടേ..?

    ReplyDelete

  7. മുന്നോട്ടെടുത്ത ഭൂമിയിൽ;
    കേരളം പറ്റിപിടിച്ചുപോയ വാർത്ത‍,
    നാളത്തെ പത്രത്തിൽ..
    ഇന്നേ ഒട്ടിപ്പിടിച്ചു തുടങ്ങുന്നു!
    ഭേഷായി....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി