Skip to main content

Posts

Showing posts from July, 2015

ഭയം അഥവാ തെരുവുകളെ മരങ്ങളായി പ്രഖ്യാപിക്കുന്നത്

നീലിച്ച ഞരമ്പുകൾ മരങ്ങളിൽ പിടയ്ക്കുന്നു  ഇനിയും തിരിച്ചു വന്നിട്ടില്ല മൈലാഞ്ചി അരച്ചിടാൻ ഒരു കുരുവിയും കൂട്ടി തെരുവിലേയ്ക്ക്  പോയ പച്ചിലകൾ കത്തിക്കിടക്കുന്ന ചുവന്ന വെളിച്ചങ്ങൾ കെട്ടുകഴിഞ്ഞാൽ വാഹനങ്ങളെ; നിങ്ങൾ തെരുവിലെ തിരക്കിലേയ്ക്ക് തുളുമ്പരുതേ.. അനങ്ങരുതേ നടക്കാനിരിക്കുന്നത് തെരുവുകളെ;  മരങ്ങളായി പ്രഖ്യാപിക്കുന്ന ചടങ്ങാണ് ചലിച്ചു കഴിഞ്ഞാൽ നിങ്ങളാവും പിന്നെ ആ മരങ്ങളിലെ ഇലകൾ വെയിലിനെ നേരിട്ട് തണലാക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ച് കേട്ടിട്ടുണ്ടോ മരങ്ങളുടെ ആവശ്യമില്ലിനി വീതികൂടിയ തെരുവുകൾക്ക്‌ മരങ്ങളുടെ പേര് മതി അതാ മഹാഗണി തെരുവ് അശോക തൈതെരുവ് ചുവന്ന തെരുവിന് ഒരു പേരിന്റെ  ആവശ്യമേ ഇല്ല ഇതൊന്നും കേട്ട് ഭയക്കരുത് ഭയം നിങ്ങൾ പുറത്തു വിട്ടെക്കാവുന്ന കറുത്തപുകയാണ് നല്ലൊരു നാളയെ പോലും ഭൂമുഖത്തുനിന്നും കത്തിച്ചു  കളയാൻ നിങ്ങൾ ഭയക്കുന്ന ആ പുക മാത്രം മതി വികസനം  അതിന്  നല്ലൊരു  മറയാണ്! 

ഒരിലയാക്കാതിരിക്കൂ...

 നീ ഇങ്ങനെ ജലത്തിൽ നൃത്തം വെച്ച് എന്നെ  ഒരിലയാക്കാതിരിക്കൂ മരത്തിന്റെ അമ്മപ്രതിബിംബമേ നോക്കൂ ജലം ശേഖരിച്ച വേരുകൾ എനിക്കും നിനക്കുമിടയിൽ ഒരു ഓളം വൃത്തത്തിൽ വരച്ചു മരം തന്നെ നഷ്ടപ്പെട്ടു ഒരു മഴയിലേയ്ക്ക്  മിന്നലിലൂടെ  തിരിച്ചു പോകുന്നത് നീ ഇനി എന്നെ  ഒരു വിരലിൽ  തൊട്ടെടുത്തു പൊട്ടാക്കി  കാതിൽ പുരട്ടി ആടുന്നൊരു പാട്ടാക്കൂ എന്റെ കാണുന്ന കണ്ണുകൾ നിന്റെ  കേട്ടതാരാട്ടിൽ പൊതിഞ്ഞെടുത്തു പാടുന്നൊരു വീണയാക്കൂ നിന്റെ മടിയിൽ ഒരു കുഞ്ഞായി അതുവരെ  നിഷ്കളങ്കമായി ഞാൻ വീണുറങ്ങട്ടെ!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!

വെള്ളച്ചാട്ടത്തിന്റെ സാദ്ധ്യതകൾ

 വെള്ളച്ചാട്ടത്തിന്റെ സാധ്യതകളിലൂടെ സഞ്ചരിക്കുമ്പോൾ അതിലൂടെ ഒഴുകിവീഴുന്നത് എപ്പോഴും വെള്ളം തന്നെയാവണമെന്നില്ല ചിലപ്പോ ഒരു കുഞ്ഞുകാട് ഒരു ഗ്രാമം തലയില്ലാത്ത ജഡങ്ങൾ ജീവനുള്ള കമിതാക്കൾ ആരും കാണാത്ത വിനോദസഞ്ചാര സൌന്ദര്യങ്ങൾ ആരോരുമില്ലാത്ത പുഴ വെളിച്ചം  കണ്ടിട്ടില്ലാത്ത  വൈദ്യുതി ഒക്കെ ഒഴുകി വീണെന്ന് വരാം അതൊക്കെ ഒഴുകി  താഴെ വീഴുമ്പോൾ  അഴകു കൂടി  അലിഞ്ഞലിഞ്ഞു വെള്ളമായിതീരുന്നതാവാം ആ വെള്ളച്ചാട്ടത്തിൽ  ചാടി ആത്മഹത്യക്ക് വന്ന ഒരാൾ അയാൾക്ക് ചെയ്യേണ്ടിയിരുന്ന ഒന്നിലധികം ആത്മഹത്യകൾ കൃത്യമായി പറഞ്ഞാൽ രണ്ടെണ്ണം വേദനകളെ ഒഴുക്കി വിട്ട് രക്തത്തുള്ളികൾ ഓരോന്നായി കഴുകി  വിരിച്ചു വിശ്രമിച്ചു കൊണ്ടിരുന്ന ഒരു ദുർബല നിമിഷത്തിൽ മരണത്തിൽ നിന്നും അറിയാതെ പിന്മാറി പോയ   അയാൾ അയാളുടെ ഒരുകൂട്ടം അവർ വേണ്ടെന്നു  വെച്ച കൂട്ട ആത്മഹത്യാ ആ ആത്മഹത്യകൾ ജീവൻ നിലനിർത്താൻ  കൃത്രിമശ്വാസം എടുക്കുന്നത് പോലെ കൊടുക്കുന്നത് മാതിരി തോന്നുംവിധം ആരും  കാണാതെ, വെള്ളച്ചാട്ടത്തിനെ  പ്രകൃതിവിരുദ്ധമായി  ഭോഗിക്കുന്നു! ജീവിച്ചിരിക്കുവാൻ; അനിയന്ത്രിതമായി തന്നെ...

വെള്ളത്തിനടിയിൽ പെയ്യുന്ന മഴ

വെള്ളത്തിനടിയിൽ പെയ്യുന്ന മഴ മീനിനെ പോലെ നനയുന്ന നമ്മൾ  ജലം അലിയുന്ന  നിശബ്ദതയിൽ ശ്വാസത്തിന് വേണ്ടി ഉപരിതലത്തിലേയ്ക്ക് പൊങ്ങിവരുന്ന രണ്ടു കുമിളകൾ നമ്മുടെ സ്ഫടിക തുല്യമായ  രണ്ടു തുള്ളികൾ അവ ഒന്നിക്കുന്ന ജലപ്പരപ്പ് ചില പ്രണയങ്ങൾ അങ്ങിനെയാണ് നമുക്ക് പ്രണയിക്കുവാനായി മന:പൂർവ്വം ജലത്തിൽ പോലും ദൈവം  ഒഴിച്ചിടുന്ന സ്ഥലങ്ങൾ നിമിഷങ്ങൾ കടൽ തീരത്ത് അസ്തമയ സൂര്യന്റെ ചുവപ്പ്  കൊറിച്ച് ചരിഞ്ഞു കിടക്കുന്ന, തണുതണുത്ത ഒരു കുപ്പി വെള്ളത്തിന്റെ  നഗ്നതയിൽ ദൈവം നമ്മുടെ ദാഹം  കൊതിയോടെ കണ്ടിരിക്കുന്നു!

കുറച്ചു കവിതകൾ ആറ് മുറിച്ചു കടക്കുന്നു

1. ഒരു യാത്രയുടെ പാതി  _______________________ വാതിലുകൾ കൊട്ടിയടച്ച് ജനാലയിൽ കൂടി ഒരു വീട് പുറത്തേയ്ക്കിറങ്ങുന്നു.. വിശക്കുന്ന വയറിന്റെ ഒരറ്റം, പകുതി വിലയ്ക്ക് തൂക്കിവിറ്റ്; അകലെ പെയ്യുന്ന ചാറ്റൽമഴയുടെ ഒച്ച കീറി, ഒരു പകുതി വിലപേശി വാങ്ങുന്നു.. പതിരാവടുപ്പിച്ചു; ഇരിക്കാൻ ഇരിപ്പിടം ഇല്ലാത്ത, മുത്തുകൾ കളഞ്ഞു പോയ, ഒരു കൊലുസ്സിന്റെ- കിലുക്കത്തിൽ തൂങ്ങിനിന്ന്, യാത്ര ചെയ്തു. ഇല്ലാത്ത വീട്ടിലേയ്ക്കുള്ള വഴിയിൽ നനഞ്ഞിറങ്ങുന്നു.. ************************* 2.  കവിതയെ കുറിച്ച് ഒരു നാടകം _____________________________ കവിതയെ കുറിച്ച് ഒരു നാടകം നടക്കുന്നു അരങ്ങിൽ മരങ്ങൾ കസേര എന്ന അടയാളപ്പെടുത്തിയ വേരുകളിൽ കാണികൾ അവ മരങ്ങൾ അല്ല എന്ന് തിരിച്ചറിയുവാൻ മനുഷ്യരെ പോലെ ചലിക്കുന്നു തിരശ്ശീല കരിയില കൊണ്ട് തുന്നിയതാവും കാറ്റിനേക്കാൾ നേർത്തതാവും അതുയർത്തുവാൻ മറന്ന; ഉറക്കം തൂങ്ങി-  മുഖങ്ങളുണ്ടാവും അഴിഞ്ഞു വീണ തിരശീലക്കിപ്പുറം, ഉറക്കത്തിനിടയിൽ; എല്ലാം കാണുന്നതായി കാണികൾ അതിലും ഭംഗിയായി അഭിനയിക്കുന്നുണ്ടാവും... *************************** 3.ആന ഒളിക്കുന്നു എ

കാഥികന്റെ പ്രതിമ

തെരുവിലേയ്ക്ക് പോകുവാൻ അവസാന വണ്ടിയ്ക്കു കാത്തു നില്ക്കുന്ന ഒരാൾ കാത്തുനിന്നു മടുത്തു വന്ന ബസ്സ്‌  തന്നെ  ബസ്‌ സ്റ്റാന്റായി മാറിയ അതിശയത്തിൽ വല്ലാതെവൈകി യാത്രചെയ്തെത്തുമ്പോൾ ഇറങ്ങേണ്ട സ്ഥലം തന്നെ  അപ്രത്യക്ഷമാകുന്നു അവിടെ ഉണ്ടായിരുന്ന  നാലും കൂടിയ മുക്ക് മുറുക്കാൻ കട അരയാൽത്തറ അമ്പലക്കുളം എല്ലാം ഇല്ലാതായിരിക്കുന്നു ആകെ ഉള്ളത് അങ്ങോട്ട്‌ നോക്കൂ എന്ന് ഓർമിപ്പിക്കുന്ന  ഒരു കാഥികന്റെ അര്ദ്ധകായപ്രതിമ ചുറ്റും തളം കെട്ടി കിടക്കുന്ന  അയാളുടെ ശബ്ദത്തിന്റെ ഘനഗംഭീര നിശബ്ദത! ഇറങ്ങേണ്ട  തെരുവ് പോലും തിരിച്ചറിയാതെ  മടിച്ചുമടിച്ചയാൾ  പിടിച്ചിറങ്ങുമ്പോൾ വണ്ടി തന്നെ  മറ്റൊരു യാത്രക്കാരനായി അയാൾക്ക്‌ പിറകെയിറങ്ങുവാൻ  വാതിലിൽ വല്ലാതെ ധൃതി കൂട്ടുന്നു എല്ലാവരും ഇറങ്ങിതീരും  മുമ്പ് അവിടെ കാത്തുനിന്ന കുറച്ചുപേർ പൂര്ണമായും ഇറങ്ങിതീരാത്ത അയാളിലെയ്ക്ക് ടിക്കറ്റ്‌ എടുത്തുകയറുന്നു കാണേണ്ട സ്വപ്നങ്ങളുടെ പട്ടിക  കൈയ്യിൽക്കൊടുത്തു കയറിയപാടെ  ഉറങ്ങിത്തുടങ്ങുന്നു! 

മുറച്ചെറുക്കൻ

ഉമ്മ വെച്ചുമ്മ വെച്ച് എനിക്ക് ഭ്രാന്താകുമ്പോ എന്റെ മുടിയിൽ ഒരുമയിൽ‌പീലി  കിളിച്ചുവരും.. .. അന്നേരം നിന്റെ ഇമകളിൽ  ആയിരം മയിലുകൾ പറന്നു വരും പറന്നുപറന്നുവന്നവ പലനിറങ്ങളിൽ പീലിനിവർത്തി നൃത്തം വെയ്ക്കും  നീ നൃത്തം; കാണാതെയെഴുതിപഠിച്ചൊരു- പാട്ടാകും.. നിന്റെ പാടുന്ന ചുണ്ടിൽ ഉമിനീരാഴത്തിൽ എന്റെ ചുണ്ട് വെയ്ക്കുന്ന നൃത്തം മഴയാകും പാട്ടിന്റെ താക്കോൽകൂട്ടം  അരയിൽ തിരുകി നീ ചുണ്ടിൽ അറിയാത്തൊരു; ചിരി കിലുക്കും.. ആ കിലുക്കം തിരിച്ചറിഞ്ഞു ഒരു മറുകിന്റെ കറുപ്പണിഞ്ഞു ജന്മത്തിന്റെ പകുതിയിൽ വെച്ച്  ഒരു മൂക്കൂത്തിത്തിളക്കത്തിൽ  കയറിവരുന്ന മുറപ്പെണ്ണിനെ ഞാൻ തിരിച്ചറിയും.. ആ തിരിച്ചറിവ് ഇതുവരെ  ശരീരഭാഷയിൽ മിണ്ടാത്ത, തൊടാത്ത,  പുതിയൊരു   സ്പർശത്തിൻ അറിയാത്ത തണുപ്പാകും. ആ തണുപ്പ് നിന്റെ കാണാത്ത പുഴയുടെ അഴകാകും നീ തമിഴ് ഭാഷയിൽ നിറഞ്ഞൊഴുകുന്ന  പുഴയാവും.. ഞാൻ അതിന്റെ ഓളങ്ങളിൽ തുളുമ്പും നിലാവലിഞ്ഞവെണ്ണയാകും..  അപ്പോ ഞാൻ  നിന്നെ കണ്ണിൽ വെച്ച പഴയ  ഉമ്മകൾ ഇമകളായി തളിരിട്ടു പൂവിട്ടു  തുടങ്ങും                   അപ്പോൾ ഞാൻ  നിന്നെ കണ്ണാന്നു... കാതിൽ വിളിച്ചു  ന

ബിഗ്‌ ബജറ്റ്

ഭൂമിയിൽ ആദ്യം ഷൂട്ട് ചെയ്ത  ബിഗ്‌ ബജറ്റ് ചിത്രങ്ങളായിരുന്നു  മരങ്ങൾ, എല്ലായിടവും ഇല്ലെങ്കിലും ചിലയിടങ്ങളിൽ എങ്കിലും ഇപ്പോഴും നിറഞ്ഞസദസ്സിൽ  ഓടിക്കൊണ്ടിരിക്കുന്നത് അതിൽ സ്വാഭാവികതയ്ക്കു വേണ്ടി അന്ന് സെറ്റ് ഇട്ടു നിർമ്മിച്ചവയായിരുന്നു ഇന്നത്തെ  ഒഴുകുന്ന പുഴകളും മനോഹരമായ പ്രകൃതിയും ഓരോ മരത്തിന്റെയും എഴുതികാണിപ്പ് അവസാനമായിരുന്നു അതായിരുന്നു വേരുകൾ അതിൽ വില്ലന്മാരായി വേഷമിട്ടവരാണ്,  ഇപ്പോഴും; മനുഷ്യരായി അഭിനയിച്ചു-  തകർത്തുകൊണ്ടിരിക്കുന്നത്..

ഉറങ്ങുന്നത് പോലെ നടക്കുന്നു

സമയം എത്രയായി എന്ന് പോലും അളക്കാൻ കഴിയാത്ത  നേരത്ത് നിങ്ങൾ ക്ക് തോന്നുന്ന ഏതോ സമയത്ത് നിങ്ങൾ നടക്കാനിറങ്ങുകയാണ്; ഉറങ്ങാൻ തുടങ്ങുന്നത് പോലെ... ആദ്യം നിങ്ങൾ എഴുന്നേൽക്കുന്നു കിടക്കാൻ തുടങ്ങുന്നത് പോലെ... കാലുകൾ നിവർത്തുന്നു കണ്ണുകൾ അടയ്ക്കുന്ന  പോലെ സാവധാനം നിങ്ങൾ ഒരു നടത്തത്തിലേയ്ക്ക് ഹിപ്നോട്ടൈസ് ചെയ്യപ്പെടുകയാണ് ഇപ്പോൾ നിങ്ങൾ പുറത്തിറങ്ങുകയാണ്‌ ഉറങ്ങുന്നത് പോലെ നിങ്ങൾ പുറം ലോകം കാണുകയാണ് സ്വപനം പോലെ നിങ്ങൾ തെരുവിലൂടെ നടക്കുകയാണ് ഒരു സ്വപ്നാടനത്തിലെന്ന പോലെ തിരക്കുകൾ നിങ്ങളെ ഒഴിഞ്ഞു പോകുന്നു.. നിങ്ങൾ ഇപ്പോൾ ഒറ്റയ്ക്കാണ് തെരുവിലെ തിരക്കുകൾ നിങ്ങൾ അറിയുന്നില്ല തെരുവ് വിളക്കുകൾ നിങ്ങളെ തിരിച്ചറിയുന്നില്ല അതിനടിയിൽ ഇരുട്ട് വെളിച്ചവുമായി  ചെയ്യുന്ന പ്രകൃതിവിരുദ്ധ ദൃശ്യങ്ങളും നിങ്ങൾ കാണുന്നില്ല നിങ്ങൾ ഇപ്പോൾ സ്വതന്ത്രനാണ് ഒറ്റയ്ക്കാണ് കാലുകൾ പോലും നിങ്ങളെ അലട്ടുന്നില്ല നിങ്ങൾ നടക്കുകയാണ് നിങ്ങൾക്ക് നിങ്ങൾ നഗ്നനാണ് അന്യർക്ക്  വസ്ത്രം  ധരിച്ചപോലെ ഇനി നടത്തത്തിന്റെ വേഗത കുറയ്ക്കുക ചലിക്കുന്നത് പോലെ ചലന നിയമങ്ങൾ പോലും കാറ്റിൽപറത്തി ഇലകൾ പോ