Skip to main content

Posts

Showing posts from August, 2015

രണ്ടു ഋതുക്കളിൽ കണ്ടു മുട്ടുന്ന പ്രണയിതാക്കൾ

 ജന്മങ്ങൾക്കു ശേഷം രണ്ടു വ്യത്യസ്ത ഋതുക്കളിൽ കണ്ടുമുട്ടുന്ന രണ്ടു പ്രണയിതാക്കൾ അവർക്കു നമ്മൾ എന്ന് പേരിടുകയാണ് നീയും നീയറിയാതെ മറ്റൊരു ഞാനും മഴത്തുള്ളി ചിറകുകൾ നീർത്തി ഉടൻ പറന്നു തുടങ്ങുന്ന ജലശലഭങ്ങൾ മരിച്ചു പോയ നമ്മുടെ ഉടലുകളെ നമ്മൾ രതി കൊണ്ട് പരിചയപ്പെടുത്തുന്നു എന്റെ ശരീരം അഴിച്ചിട്ട നിന്റെ മുലഞ്ഞെട്ടിൽ നീ ഒളിപ്പിച്ചു വെച്ചിരുന്ന മാതൃത്വവും അതിന്റെ ആകാശ ആകൃതിയുള്ള സ്വപ്നങ്ങളും മറ്റൊരു ആലിംഗനത്തിൽ നമ്മൾ ഒളിപ്പിച്ച കടലും മഴവിൽ നിറമുള്ള തിരമാലകളും നമ്മൾ ആദ്യം കണ്ടുമുട്ടിയപ്പോൾ വെച്ച് മറന്ന പെയ്തുകൊണ്ടിരുന്ന മഴ എടുക്കാൻ വെച്ചുകൊണ്ടിരുന്ന ചുംബനം മുറിച്ചു അന്നോളം ഇരുട്ട് കണ്ടിട്ടില്ലാത്ത ഏതോ ആദ്യരാത്രി പകുത്തു അടയാളവും വെച്ച് നിന്റെ ഉടലിൽ നിന്നും ഒന്നുമറിയാതെ ഇന്നത്തേയ്ക്ക് മുലപ്പാൽ പോലെ ഒലിച്ചിറങ്ങുകയാണ് അന്ന് ഞാൻ..

ഒരു മഴ പിറകൊട്ടെടുത്തു തിരിച്ചു പോകുന്നു

ഞാനും  പാളങ്ങളും മാത്രമുള്ള ഒരു സ്റ്റേഷൻ നില്ക്കുന്ന ഞാനേത്? നീണ്ടുകിടക്കുന്ന  പാളമേത്    എന്ന്  തിരിച്ചറിയുവാനാകാത്തത് പോലെ മുന്നോട്ടു പോകുവാനാകാതെ ഒരു തീവണ്ടി വന്നു  നിൽക്കുന്നു.. അതിനെ പച്ച നിറത്തിൽ ജീവിതം എന്നാരോ വിളിക്കുന്നു കിട്ടിയ ഓരോ അവസരങ്ങളിലും തുറക്കുവാൻ പരാജയപ്പെട്ടത് കൊണ്ട്  ജനാലകളായിപ്പോയ പരശതം വാതിലുകൾ  ചക്രങ്ങൾ  അല്ലാതെ  ഒന്നും ചതുരത്തിൽ ഇല്ലാത്ത  ബോഗ്ഗികൾ ചക്രങ്ങൾ പോലും അത്രമേൽ ചലിക്കുവാനാകാതെ   നിന്നു പോയതിനാലാവണം  ചതുരങ്ങളായി പോയത് പ്രക്ഷേപണം ചെയ്യുന്നതിനിടയിൽ  ചന്ദ്രനുമായുള്ള ബന്ധം നഷ്ടപെട്ട നിലാവുണ്ടാക്കുന്ന  രാത്രിയുടെ അരോചകമായ ഒച്ച നനഞ്ഞ ശബ്ദങ്ങൾ നിലവിളിയായി കിളിച്ചു പോകുമോ എന്ന പേടി ഒരു ചീവിടൊച്ചയായി ഒതുക്കുന്ന ഇരുട്ട് പാളങ്ങളിൽ നിന്ന് തെറിച്ച  ചെളി പോലെ ചക്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന  ഇരുട്ടിനെ പോലും  പലപ്പോഴും കബളിപ്പിക്കുന്ന തിളക്കം ഇനി ചലിക്കുവാനിടയില്ലാത്ത തീവണ്ടിയെ  ഒരു നൂലുണ്ടയായി ചുരുട്ടി അതിന്റെ ലക്ഷ്യത്തിലേയ്ക്ക് എറിഞ്ഞു കളയുന്നതിനെ  കുറിച്ച് ആലോചിക്കുന്നതിനിടയിൽ ആർത്തലച്ചു അത്രയും  ശക്തിയായി പെയ്തു