Skip to main content

Posts

Showing posts from December, 2015

താക്കോൽ പഴുത്

എല്ലാറ്റിനും അപ്പുറം വീടുവരെ തെരുവ് വലിച്ചു നീട്ടുന്ന  ഒരാൾ അയാൾ വലിച്ചു നീട്ടിയ തെരുവിനും   വീടിനും  ഇടയിലെ ഒരു വിടവ് വാതിലിനെ പോലെ ഉയരം വെയ്ക്കുന്നു അതിലെ  വീർപ്പുമുട്ടിയ താക്കോൽ പഴുത് താക്കോൽ ഇല്ലാത്ത നേരം നോക്കി വീടിന്റെ നഗ്നത വാതിലിന്റെ അത്രയും ഉയരത്തിൽ  അഴിച്ചു വെച്ച്  നിഴലിന്റെ നീളം വെച്ച  കുപ്പായം എടുത്തിട്ട് വൈകുന്നേരത്തിലേയ്ക്ക്  ഇറങ്ങി പോകുന്നു വരിമുറിച്ചുവിറ്റു ജീവിക്കുന്ന കെട്ടുതാലി പൊട്ടിച്ചെറിഞ്ഞ പാട്ടുകൾ മുറിച്ചു കടന്നു ചിതറിപ്പോയ കാലുകളിൽ നിന്നും  ഉറുമ്പുകൾ പെറുക്കിക്കൂട്ടുന്ന ഉടഞ്ഞുപോയ ഭൂപടങ്ങൾ ചുറ്റിക്കടന്നു വെയിൽ അവസാനിച്ചു  നിഴൽ തുടങ്ങുന്നതിന്റെ ഓരത്ത് കൂടി അതിന്റെ  അരികിന്റെ തുന്നൽ പോലെ നടന്നു പോകുന്നു ജീവിതവുമായുള്ള തയ്യൽ വിട്ടത് പോലെ  ഒരാൾ സ്വയം കീറി പറിഞ്ഞ ഒരാൾ ജീവിതത്തിന്റെ താക്കോൽ കളഞ്ഞുപോയ ഒരാൾ കണ്ടു കിട്ടിയ താക്കോൽ കണ്ടെടുക്കുന്നത് പോലെ താക്കോൽ പഴുത് കുനിഞ്ഞെടുക്കുന്നു സ്വന്തം മുറിയിൽ വൈകി വന്നു കയറുന്ന താമസക്കാരനെ  പോലെ വന്നു  കയറി താമസിച്ചു തുടങ്ങുന്നു നീണ്ടു നിവർന്ന ഒരുറക്

കൊലുസ്സ് നഷ്ടപ്പെട്ട പെണ്‍കുട്ടി

വെറും കാൽനടയായി നിന്റെ കൊലുസ്സിലേയ്ക്ക് തീർത്ഥാടനം നടത്തുന്ന സഞ്ചാരിയായിരുന്നു ഞാൻ നീയോ എന്നെ തിരഞ്ഞു നടക്കുന്നതിനിടയിൽ കൊലുസ്സ് നഷ്ടപ്പെട്ട പെണ്‍കുട്ടിയും നീ എന്നെയും ഞാൻ നിന്റെ കൊലുസ്സിനെയും തിരഞ്ഞുനടക്കുന്നതിനിടയിൽ വല്ലാതെ കൂട്ടിമുട്ടിപോകുന്ന നമ്മുടെ പാദങ്ങൾ ഘടികാരങ്ങളെ മാത്രം വലം വെച്ച് കടന്നു പോകുന്ന സമയം ഓരോ വലത്തും കാലത്തിനു സമ്മാനിക്കുന്ന ഗണപതി ഉമ്മകൾ ചെമ്മരിയാടുകൾ മേയുന്ന കുന്നിൻ ചെരുവുകളിൽ കളഞ്ഞുപോയ നിന്റെ കൊലുസ് കിലുക്കം കൊടുത്തു വളർത്തുന്ന പള്ളിമണികൾ അവനാലുമണിപ്പൂക്കളെ പോലെ വിരിഞ്ഞു തുടങ്ങുന്ന വൈകുന്നേരങ്ങൾ ആ വൈകുന്നേരങ്ങളിലൊന്നിൽ ചില മണികൾ മാത്രം നിനക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ കൂട്ടമണിയടിച്ചു തുടങ്ങുന്നു..

കുടയ്ക്ക് തീ പിടിക്കുമ്പോൾ

ഇന്നലെയിൽ നിന്ന് നിന്നിലേയ്ക്ക് നടന്നു വരികയായിരുന്നു ഞാൻ ആകാശത്ത് അർദ്ധവൃത്താകൃതിയിൽ ചന്ദ്രക്കല താഴെ അതെ ആകൃതിയിൽ മണ്ണിൽ വീണുകിടക്കുന്ന നിലാവ് ഒരു ജാലകത്തിന്റെ ചതുരം പിടിച്ചു നിലാവിൽ ചവിട്ടാതെ രാവ്  കടക്കുന്ന പുലരി ആ പുലരിയിലെ ഒരു സഞ്ചാരിയായി ഞാൻ തിരിഞ്ഞു നോക്കുമ്പോൾ തെരുവ് നിറയെ വീടുകളുടെ  ആകൃതിയുള്ള കാൽപ്പാടുകൾ നിന്നിലേയ്ക്കുള്ള അകലം അത്രയും അലിഞ്ഞു ഒറ്റരാത്രി കൊണ്ട്  ശുദ്ധജലമായി ഭൂമിയിൽ അത്രമാത്രം കുറയുന്ന ദൂരം കടന്നു പോകുന്ന വാഹനങ്ങളുടെ ജാലകങ്ങളിൽ തൊട്ടടുത്ത്‌ ഒട്ടിച്ചിരിക്കുന്ന അതാത്  യാത്രക്കാരുടെ ലക്ഷ്യങ്ങൾ ഞാൻ നിന്റെ വളരെ അടുത്ത് അടുത്ത് വരുന്തോറും എന്റെ കൂടുന്ന ഭ്രാന്ത്‌ അതിൽ നീ ദൂരെനിന്നും വളർത്തുന്ന ചോപ്പ്നിറമുള്ള ചെമ്പരത്തിമുള്ളുകൾ  അത്രയും വേദനിപ്പിച്ചു അവ കൊണ്ടുകയറുന്ന  ഞാൻ നടന്നു വന്നു കൊണ്ടിരിക്കുന്ന  എന്റെ പൊള്ളുന്ന ഉടലിൽ ഒട്ടിച്ചേർന്നു കിടക്കുന്ന നീ നിന്റെ  അളവിൽ  ഞാൻ കൃത്യമായിഅടങ്ങിയിരിക്കുന്ന ഇന്നലെ  കടന്നു നീ അമിതമായി അടങ്ങിയിരിക്കുന്ന നാളെയിൽ  എത്തുമ്പോൾ വെളിച്ചത്തിന്റെ നനവുള്ള മഴ പെയ്തു തുടങ്ങുന്നു

യാത്ര

കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ ചെയ്യുന്നതെല്ലാം യാത്രയാവും കടന്നു പോകുന്ന ഇടങ്ങളിൽ കാലങ്ങളെ പോലെ ദൂരം അടയാളപ്പെടുത്തി നില്ക്കുന്ന മൈൽകുറ്റികൾ തോരാതെ തിരിച്ചുകുഴിച്ചിട്ട മഴകളാവും യാത്ര ചെയ്തു തളരുമ്പോൾ കയറി നില്ക്കുന്നതും അപ്പോഴങ്ങോട്ട്‌ തോർന്ന ഒരു മഴയുടെ കീഴിലാവും യാത്ര എല്ലാം കഴിഞ്ഞു ചെന്ന് കയറുന്നത് പെയ്യാൻ വെമ്പി ആരെയോ കാത്തിരുന്ന കൂട്ടിവെച്ച ഒരായിരം മഴയുടെ കുളിരിലേയ്ക്ക് തന്നെയാവും..