Skip to main content

Posts

Showing posts from 2017

അതിര് നോവ് എന്നീ വരകളിൽ മരങ്ങൾ

മരമെങ്ങുമില്ല, ഇരിയ്ക്കുവാൻ; നേരവും. അറിയില്ല സംസ്കൃതം , പറയാനും, എങ്കിലും നടന്നതാണ്, കിളിയോളം പറന്നുനോക്കുവാനായി മാത്രം മരങ്ങളോളം അതിനിടയിൽ, പോയി ഇരുന്നതാണ് തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ കടന്നുവന്ന മരത്തിന്റെ ഓർത്തെടുത്ത തണലിൽ, ഒരിത്തിരി നേരം. ഓർത്തെടുത്തതാണ്; നേരവും വിശ്രമിക്കുമ്പോഴും ഇരിയ്ക്കുമ്പോഴും ഒട്ടും കുറയ്ക്കുന്നില്ല നടക്കുന്ന വേഗവും ദൂരവും കുറയ്ക്കുന്നില്ല മരങ്ങൾ തണലും, കൂട്ടുന്നില്ല ചില്ലകൾ, ഇലകൾ കുറയ്ക്കുന്നില്ല, പച്ചയും നിറങ്ങളും തിരുത്തുന്നുമില്ല, മരങ്ങൾ മുകളിൽ പറഞ്ഞ എങ്ങുമില്ല, എന്ന വരികൾ പോലും ഉണ്ടായിരുന്നതാണ് മരങ്ങൾ ഇനിയും ഉണ്ടാവും ചില്ലകൾ കാടുകൾ മൃഗങ്ങൾ ഇല്ലാത്തത് നേരമാണ് ഉണ്ടായിരുന്നതാണ് അതും, ഇനിയും ഉണ്ടാവും ഇപ്പോഴും ഉണ്ട് ഇല്ലാതായത് ഞാനാണ് ഉണ്ടായിരുന്നതാണ് ഞാനും നിങ്ങളും ഇനിയും ഉണ്ടാവും നമ്മളും അവളും നടക്കുക എന്നത് മറ്റൊരാളായി ഇരിയ്ക്കുക എന്നു തന്നെയാണ് അതു മാത്രം ഉറപ്പിക്കുന്നു, നൃത്തപാഥേയം തുറക്കുന്നു ആദ്യത്തെ ചുവട് കഴിക്കുന്നു രണ്ടാമത്തെ ചുവട് അവൾക്കായി മാറ്റിവെയ്ക്കുന്നു മൂന്നാമത്തെ ചുവടിന്റെ

എഴുത്തുമൃഗം

ആത്മഹത്യ ചെയ്ത ശലഭങ്ങളുടെ മരണമൊഴികൾ നിറങ്ങളായി കുറിച്ചെടുക്കുന്ന ചിറകുകൾ ചലനങ്ങളുടെ കുരുക്കിട്ട് ആത്മഹത്യചെയ്ത സ്വന്തം നൃത്തത്തിലേയ്ക്ക് എത്തിനോക്കുക മാത്രം ചെയ്യുന്ന, കൈനോട്ടക്കാരന്റെ തത്തയാകുന്നു ജീവിതം ഓരോ കവിതയും ഭ്രാന്തെടുക്കുന്ന തെരുവിലെ എഴുത്തുമൃഗമാവുന്നു വീണ്ടും മനുഷ്യൻ...

ഞാനന്തരീക്ഷം

ഞാനന്തരീക്ഷം പിൻമാറ്റത്തിന്റെ കുളമ്പടിയൊച്ചകൾ ഒഴിച്ചിട്ടിരിക്കുന്ന വിഷാദത്തിന്റെ കുതിര എത് നിമിഷവും മൃതദേഹം കൊണ്ട് കഴുതയാക്കപ്പെടാവുന്ന വിവാദത്തിന്റെ കവിത മരണശേഷമുള്ള അലങ്കാരത്തിന്റെ അവശിഷ്ടങ്ങൾ കൊത്തി തിന്നുന്ന കാക്ക സ്വഭാവത്തിന്റെ മേച്ചിൽ പുറങ്ങളിൽ ഒരസ്വഭാവിക മരണം കാത്തുകിടക്കുന്ന പള്ളിമണി ഉയരങ്ങളുമായോ വെച്ച ശബ്ദങ്ങളുമായോ മണ്ണുമായോ യാതൊരു ബന്ധവുമില്ലാത്ത കൊളുത്ത് ദൈവമെന്ന പൊള്ളത്തരത്തിൻ കയറി നിൽക്കുന്ന എന്നിട്ടും എന്ന വാക്കിന്റെ വിശ്വാസി മറവികൊണ്ട് എന്നോ ജീവിതവുമായി ശാരീരികമായി ബന്ധപ്പെട്ട തരിശ്ശിട്ടിരിക്കുന്ന ശ്മശാനത്തിന്റെ വൈഫൈ പേരിന്റെ പരിചയക്കാരനായിട്ടും പ്രായം കൊണ്ട് നാലെന്ന അക്കത്തിന്റെ ജീവിച്ചിരിക്കുന്ന അയൽക്കാരൻ എല്ലാംകൊണ്ടും ഒഴിച്ചിട്ടിരിക്കുന്ന അമാവാസി, പുറത്താക്കപ്പെടുന്നവന്റെ ഞായറാഴ്ച്ച!

എന്തൊരുശാന്തത

നൃത്തത്തിന്റെ കടവത്ത് തോണിയുടെ ചുവടുകൾ വെച്ച് നിലത്തേയ്ക്കിറങ്ങുന്ന കാറ്റ് തോണിക്കാരൻ ഒരു പഴയ പാട്ടാണ് ഓണം കഴിഞ്ഞിട്ടും ഓണത്തിന് ഉണ്ണിപിറന്നിട്ടും വരികൾ വിട്ട് പാട്ട് പുറത്തേയ്ക്കിറങ്ങുന്നില്ല പാട്ടിന്റെ അക്കരേയ്ക്ക് തന്നെ തോണിക്കാരൻ കേൾവിക്കാരനെ പോലെ തിരിച്ചുപോകുന്നു പണ്ട് പണ്ട് ടേപ്പ് റെക്കോർഡറുകൾ കണ്ടുപിടിയ്ക്കും മുമ്പ് എന്തൊരു കാറ്റാണ് തസ്രാക്കിലെ തുടക്കത്തിലുള്ള വരികൾക്ക് കഥാകാരൻ നായകനിൽ ഒളിപ്പിച്ച് വച്ചിരിയ്ക്കുന്നത് അത് കാറ്റു പിടിച്ച പോലെ ദിനോസറുകൾക്കും ഓന്തിനുമരികിലേയ്ക്ക് എഴുതിക്കൊണ്ടിരിയ്ക്കുന്ന വരികളെ കൂട്ടിക്കൊണ്ട് പോകുന്നു കരിമ്പനകളുണ്ടാവുന്ന വിജനതയുടെ ഗന്ധം ഒരിടത്തൊരിടത്ത് എന്നു തുടങ്ങുന്ന ഒരിടത്തുമില്ലാത്ത സ്ഥലത്തിലെ കഥയുണ്ടാക്കുവാൻ കൊണ്ടുപോയിക്കൊണ്ടിരുന്ന എങ്ങുമില്ലാത്ത ഒരിടം കവിതയിലേയ്ക്ക് കൊണ്ടുവരുമ്പോൾ നീയാണ് നീയില്ലാത്ത കവിതയിലെ എന്റെ വരികൾ സ്കൂൾ കുട്ടികളെ പോലെ നിരന്ന് നിന്ന് പദ്യം ചൊല്ലി ത്തുടങ്ങുന്നു കാറ്റ് അവസാനിക്കുന്നില്ല, അത് നോക്കിയാൽകാണാത്ത സ്ക്കൂൾ മുറ്റങ്ങൾ കൊണ്ട് വരുന്നു തണുപ്പ് കൊണ്ടുവരുന്നു സ്കൂൾ കുട്ടിക

പേര് പ്രാർത്ഥന ശ്രമം ദൈവം എന്നിങ്ങനെ

എന്റെ ദൈവമേ! ഒന്നുമില്ല കടന്നുപോയ വാഹനത്തിന്റെ ബോർഡു വായിച്ചതാണ് നടന്നുപോകുന്ന ദൈവം നിങ്ങൾക്ക് വേണമെങ്കിൽ കണ്ണടച്ചത് പ്രാർത്ഥനയാക്കാം ഒരു നിമിഷമെങ്കിലും പ്രാർത്ഥനയിലെ ദൈവം കൊടിയേറ്റം സിനിമയിലെ കുത്തിയിരിക്കുന്ന ഗോപിയെ അനുസ്മരിപ്പിക്കുന്നില്ലേ? ഓർമ്മകൾ കാലഘട്ടത്തിലെ റേഡിയോയാണ് അലക്കി വിരിയ്ക്കാൻ തോന്നുന്നില്ലേ? വിരിയ്ക്കാൻ അയയോ അലക്കിയിടാൻ കുപ്പായമോ ഇല്ല എന്നത് നിങ്ങളെയോ ദൈവത്തേയോ അലട്ടുന്നില്ല ഇടാൻ കുപ്പായമില്ലാത്ത ഒരു കാലഘട്ടത്തിൽ ജനിച്ചവരെല്ലാം പുരുഷൻമാരായിപ്പോയ ഒരു ഗ്രാമത്തിൽ പുരുഷനാകേണ്ടി വന്ന ഒരാളാവണം നഗരത്തിലൂടെ നടന്നുപോകുന്ന ദൈവം ഒരു തെരുവ് കൂടി കഴിഞ്ഞിരിക്കുന്നു കിഴവൻ ദൈവം തന്റെ പഴഞ്ചൻ ടൈപ്പ് റൈറ്ററിൽ ടൈപ്പ് ചെയ്തുകൊണ്ടിരിയ്ക്കുന്ന പേപ്പറിൽ അയാളുടെ പേരില്ല ഐപാഡിൽ പാട്ട് കേട്ട് അതിന്റെ ടച്ച് സ്ക്രീനിൽ എന്തോ അലക്ഷ്യമായി കുത്തിക്കുറിച്ച് തെരുവ്മുറിച്ചുകടക്കുന്ന കുറച്ചുകൂടി ചെറുപ്പക്കാരനായ ദൈവം ആ ദൈവത്തിന്റെ ലിസ്റ്റിലായിരിയ്ക്കും നിങ്ങൾ ഉദ്ദേശിക്കുന്ന ആളിന്റെ പേര്!

വീഴ്ച്ച

നടക്കുകയായിരുന്നു, നൃത്തത്തിന്റെ സമതലങ്ങളിലൂടെ വീഴ്ച്ച പാകത്തിന് ചേർത്ത ജീവിതമായിരുന്നു അറിയാതെ; ചവിട്ടിയതായിരുന്നു അവിശ്വസനീയതയുടെ പായലിൽ ഇനിയും തീരുമാനിച്ചിട്ടില്ല വീഴണോ? വേണ്ടയോ എന്ന്! അറിവില്ലായ്മകൊണ്ടാണ്... കേട്ടിട്ടുണ്ട്, അറിവിനായി വെയിലിൽ ചവിട്ടിയ രാത്രി നിലാവായ കഥ തൽക്കാലം അറിയില്ല എന്ന വാക്കിൽ മാത്രം ചവിട്ടുന്നു!

വസന്തവും കാക്കയും

മരണപ്പെട്ട കാക്കയും കുടിയൊഴിപ്പിക്കപ്പെട്ട വസന്തവും തമ്മിലെന്ത്? ഒന്നുമില്ല കാക്കയും മരണവും മരണസമയത്ത് പോലും തമ്മിൽ ബന്ധപ്പെടുന്നില്ല പക്ഷേ രണ്ടും ഉണ്ടെന്നുള്ള ഒറ്റവാക്കുകൊണ്ട് എവിടെയൊക്കെയോ വെച്ച് നിറങ്ങളിൽ ബന്ധപ്പെട്ടിരുന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട് അതിൽ ഒന്നാണ് കാക്കയുടെ മരണം കുടിയൊഴിപ്പിക്കപ്പെട്ട വസന്തത്തിന് കുടിയൊഴിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഇറുത്ത് കൊടുത്ത രണ്ട് പൂക്കൾ അത് വസന്തത്തിന്റെ മാതാപിതാക്കളാണെന്ന് തിരിച്ചറിഞ്ഞത് അനാഥനായ കാക്കയാവണം കാക്കയ്ക്ക് ഇല്ലാതെപോയ നിറങ്ങൾ കാക്ക കണ്ടിരുന്നത് കുടിയൊഴിപ്പിക്കപ്പെട്ട വസന്തത്തിലാകണം ഇതെല്ലാം ഊഹോപോഹങ്ങളായിരുന്നെന്ന് സ്ഥാപിക്കുവാൻ കാക്ക കൊല്ലപ്പെടേണ്ടത് നിറങ്ങളുടെ ആവശ്യമായിരുന്നിരിയ്ക്കണം ഇനി കാക്കയുടെ മരണത്തെ ക്കുറിച്ച് പറക്കലിന്റെ ഹൃദയാഘാതം വന്ന കാക്ക കറുപ്പ് അത് കൊണ്ടുനടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആ റിപ്പോർട്ട് പ്രകാരം മരണപ്പെട്ട കാക്കയുടെ രേഖപ്പെടുത്തപ്പെട്ട നിറം ഉറപ്പില്ലാത്ത കറുപ്പ് പ്രായം ജീവിച്ചിരുന്നപ്പോൾ പോലും കാക്ക ഒഴിച്ചിട്ടിരുന്ന കോളമെന്ന നിലയിൽ പൂരിപ്പിക്കുവാനാ

തത്തക്കൂടുകൾ

അധികമാരും ഇല്ലാത്ത ഒരിടം അവിടെ അരികിലേയ്ക്കൊതുങ്ങി വഴി തൂക്കി തൂക്കി വിൽക്കുന്ന മരങ്ങൾ മഴ വല്ലപ്പോഴും അവർ ഉപയോഗിക്കുന്ന ത്രാസാണ് അളവുകളിൽ അവ കാണിക്കുന്ന കൃത്രിമത്വം കൂടെക്കൂടെ ദൂരങ്ങളാവുന്നു വിശ്വസിക്കുമോ നിങ്ങൾ? ഇവിടെ മഴ ഉണ്ടെങ്കിലും ഇല്ലെങ്കിലും മരങ്ങൾ ഉപയോഗിക്കുന്ന ഭാരത്തിന്റെ തട്ടികളാണ് കിളികൾ അതല്ല രസം വല്ലപ്പോഴും ഇതിലേ കടന്നുപോകുന്ന ബസ്സുകൾ ഫുഡ്ബോഡിന്റെ ആകൃതിയിൽ തത്തക്കൂടുകൾ കൊണ്ടുനടക്കുന്ന കൈനോട്ടക്കാർ മാത്രമാണ്!

ഉറപ്പ്

മനസ് കൊണ്ട് ഒരു മലയാകണം അയാൾ അവളോ അവിടെ ഉടൽ കൊണ്ട് തീർത്ഥാടനത്തിന് വന്ന ഒരുവൾ കയറുന്ന ഉയരവും അവൾ തന്നെ കൊണ്ടുവരുന്നതാകണം കുന്നിറങ്ങി ഊറിവരുന്നുണ്ട് എന്നോ അവരുടെ ആരവങ്ങൾ മുകളിലേയ്ക്ക് കൊണ്ടുപോയ കുതിരകൾ അവ ആദ്യം അവൾക്കും പിന്നെ മലയ്ക്കും മല പതിയേ എന്നോ പെയ്ത മഴയ്ക്കും വഴിമാറി കൊടുക്കുന്നു. വഴുക്കുന്നുണ്ടാവണം വഴികൾ ഇരുട്ടിയിട്ടുണ്ടാവണം അവന്റെ ചുണ്ടുകൾ അവളുടെ പണ്ടത്തെ വഴിവിളക്കുകൾ ഇപ്പോഴതാരോ ഊതിക്കെടുത്തിയിരിയ്ക്കുന്നു അവർക്കിടയിൽ  ചുംബനങ്ങൾ ഇപ്പോൾ വഴിതെറ്റിയ സഞ്ചാരികൾ രാത്രികൾ എന്നും അവർക്കിടയിൽ അതിശയങ്ങൾ അവ ആമ്പൽപ്പൂക്കളായി വിരിഞ്ഞ് പോകുന്നതാകണം എന്നിരുന്നാലും ഞെട്ടു കൊണ്ട് വിയോജിക്കുവാനുള്ള മൊട്ടിന്റെ മോഹത്തെ കാലം പൂവാക്കി കൊടുത്തതാവണം ഉടലരികുകൾ മാത്രം അകലങ്ങളിലേയ്ക്ക് വിരിഞ്ഞതാവണം ശരിയാവണം ഭ്രമണത്തിന്റെ മൊട്ട് വിരിഞ്ഞതാവണം ഭൂമി നിലാവിന്റെ നീരാവി അത്രമേൽ ഖനീഭവിച്ച് ചന്ദ്രനുമായതാവണം എഴുത്തിന്റെ ഇരുട്ടിൽ വാക്കല്ല വായന തന്നെയാണ് സത്യം അത്രമേൽ ഇരുട്ടത്ത് കിടന്ന് കളഞ്ഞുകിട്ടിയിട്ടുണ്ട് വെയിലിന്റെ ഒരു കോശം ഭൂമിയത് ആകാശത്തിന്റെ മൈ

രീതി

തീ എഴുത്തിനിരുത്തിയ കുട്ടിയാവണം ഒരുപക്ഷേ ചാരങ്ങളിൽ എഴുതിപഠിച്ചത് പ്രണയത്തിനോടും കാമത്തിനോടും ബലാൽക്കാരമായി ചേർത്ത് വെയ്ക്കാനാവാത്തത് എല്ലാം കാണിച്ച് തന്നിട്ട് ഒരു ഉപമയിലേയ്ക്ക് അണഞ്ഞുപോയത് അല്ലെങ്കിൽ ആദ്യം ബന്ധപ്പെട്ട രണ്ട് ശരീരങ്ങളുടെ ആത്മീയ വിധവ ഒരേ സമയം ധരിയ്ക്കുന്ന വസ്ത്രവും മറയ്ക്കാനാവാത്ത നഗ്നതയും വേദനയാവുന്നത് എന്നിട്ടും വെളിച്ചമണച്ച് കാണപ്പെടുന്ന സൂര്യനെ ഇതെല്ലാമായ രതിയ്ക്കിടയിൽ പ്രത്യക്ഷപ്പെടുന്ന ജാലകത്തിലൂടെ നോക്കിയിരിയ്ക്കുന്നു....

കവിത എന്ന നായ

വാക്കുകളുടെ പാർക്കിലിരിക്കുകയായിരുന്നു ഞാനെന്ന അവസാന വാക്ക് അണഞ്ഞു കഴിഞ്ഞു തിരിഞ്ഞുനോട്ടം എന്ന ഏറ്റവും അടുത്തുള്ള വിളക്ക് മരവും ഇനി പുറത്തിറങ്ങാൻ ഞാനും അപകർഷതാബോധമുണ്ടെന്ന് തോന്നിക്കുന്ന ആരുടേതുമല്ലാത്ത മരണവും പാർക്കിന്റെ വൃദ്ധനായ കാവൽക്കാരൻ ആർക്കും വരാത്ത ഒരു രോഗം കൃത്യമായിപ്പറഞ്ഞാൽ അയാൾ, പുറത്താക്കിയ ഇടങ്ങളുടെയൊക്കെ കാവൽക്കാരൻ ഇനി പുറത്താക്കാനുള്ള ഒരേയൊരിടം എന്ന നിലയിൽ എന്റെ ഉടലിന്റെ കാവൽക്കാരൻ അയാളുടെ പേരില്ലാത്ത വയസ്സൻനായ എന്റെ കവിത!

ഫലിതമെന്ന നിലയിൽ ഒരാൾ

അയാൾ എന്ന തീയതി വെച്ച് കാലത്തിന്റെ ബാലൻസ്ഷീറ്റെടുത്ത് നിലവിലില്ലാത്ത അകലത്തിലേയ്ക്ക് തിരിച്ചുപോകേണ്ട ഒരാൾ കടലാസ് പോലെ മടങ്ങിപോകുന്നതിന് മുമ്പ് നിലാവിന്റെ ഒരു കുറ്റിയിലേയ്ക്ക് അയാളുടെ വിലയില്ലാത്ത സ്വകാര്യഭ്രാന്തിനെ ചങ്ങലയുടെ കിലുക്കമില്ലാതെ മാറ്റിക്കെട്ടാൻ ശ്രമിയ്ക്കുന്നു മരിച്ചു കഴിഞ്ഞാൽ മാത്രം ഒരു ചടങ്ങായി കവിത ആചരിയ്ക്കേണ്ട ഗോത്രത്തിൽ ജനിച്ച അയാൾ മരിയ്ക്കുന്നതിന് മുമ്പ് കവിതയനുഷ്ഠിച്ച തെറ്റിനാവും ഗോത്രത്തിൽ നിന്നും പുറത്താക്കപ്പെടുന്നു ആർക്കും വേണ്ടാത്ത ഒരാളെ തളച്ച് സ്വന്തമാക്കാൻ ശ്രമിയ്ക്കുന്ന ഇരുട്ട് പോലെ അയാളെ മാത്രം പൊതിഞ്ഞു പിടിച്ചു അയാളുടെ ഓർമ്മയിൽ പെയ്യുന്ന മഴ കാറ്റടിച്ചു മറിച്ച സുഷിരങ്ങൾ മാത്രമുള്ള കലണ്ടറിൽ ഒരു ഓടക്കുഴലാഴ്ച്ചയുടെ താഴ്ച്ചയിലേയ്ക്ക് അതിനിടയിൽ അറിയാതെ വീണു പോകുന്ന അയാൾ വീഴുവാൻ ഒരാഴം പോലും വേണ്ടാത്ത ഒരാൾക്ക് പിടിച്ചു പനിച്ചുകിടക്കുവാൻ ദിവസങ്ങളുടെ വള്ളിപ്പടർപ്പെന്തിന്? അതാവും എഴുതിയ പുസ്തകത്തിന്റെ മൂലയിൽ വാക്കുകളിൽ വരികളോളം കാത്തിരുന്നു ക്ഷീണിച്ച ചിലന്തിയ്ക്ക് വലകെട്ടുവാൻ മാത്രമായി ഒരു ഫലിതം അയാൾ സ്വപ്നത്തിൽ കാണ

അപ്പൂപ്പന്താടി ഡോക്ടർ

ശരിയ്ക്കും രോഗികളാണ് വേരുകൾ അവർ മണ്ണിൽ മരിച്ചവരുടെ രോഗങ്ങൾക്ക് 'താമസിച്ചു' ചികിത്സിക്കുന്നു മരങ്ങൾ അതേ വേരുകളുടെ കൂട്ടിരിപ്പുകാർ ഓരോദിവസം കഴിയുന്തോറും ഓ പി വിഭാഗം ഒഴിവാക്കി ആശുപത്രിയാകുന്ന ആകാശം തീർത്തുപറയുവാനാകുന്നില്ല മേഘങ്ങൾ രോഗികളാണെന്ന് എങ്കിലും പെയ്യുന്തോറും ശലഭങ്ങളെ കിടത്തിചികിത്സിക്കാവുന്ന ആശുപത്രിയാവുന്ന തുള്ളികളുടെ കിടക്കകളുള്ള മഴ ഭൂമിയും ചികിത്സിയിലാണ് ഉണ്ടായകാലം മുതൽ അതും ഓർമ്മയിലെ സ്വന്തം ഭാരമില്ലായ്മയ്ക്ക് എന്നിട്ടും രോഗം മാറിയ കലണ്ടറായി ചുവരിൽ ഭ്രാന്താശുപത്രിയിലെ ഘടികാരം സങ്കടമതല്ല വൈദ്യുതിയായിട്ടു പോലും അവ സമയത്തിന് ഡിസ്ചാർജ് ചെയ്യപ്പെടുന്നില്ല ആരെയും തിരിച്ചറിയാതെയുണ്ട് കൂസാത്ത നിലാവ് തിരിച്ചറിയുന്നവരെ വെറും സത്രങ്ങളാക്കുന്നുണ്ട് ചില ദിവസങ്ങളിലെ രാത്രിയും കൂടെ പറക്കേണ്ടി വരുന്നുണ്ട് എങ്കിലും പറയാമല്ലോ സ്വന്തം ഭ്രാന്തിന് ചികിത്സിക്കുവാൻ ആകെയുള്ള ഒരു നല്ല ഡോക്ടറാണ് അപ്പൂപ്പന്താടി.....

വീട്

തിരിച്ചിട്ട മഴയാകുന്നു വീട് തിരിച്ചെടുക്കുമ്പോൾ ഇറ്റുവീഴുന്ന മഴച്ചുണ്ടുകൾ ഇറയത്ത് ചാരിയിരിയ്ക്കുന്ന ചുംബനങ്ങളിൽ അവശേഷിപ്പിക്കുന്ന ദന്തക്ഷതങ്ങൾ ഒരു നോക്ക് കൊണ്ട് ആലിംഗനങ്ങളിൽ നിന്നും ഉരുണ്ട് വീണ് ചുണ്ടും കണ്ണുകളുടെ മുറിവുമായി മാറിയിരിക്കുന്ന ഇമകളുള്ള വാക്കാവുന്നു വീട്....

പകൽ പിറന്നാ'ൾ'

ഒരു മെഴുതിരി കൊളുത്തി വെച്ച് സ്വയം ഊതിക്കെടുത്തി ഹാപ്പി ബർത്ത്ഡേ പറഞ്ഞിട്ടുണ്ടാവും അത്ര കൊച്ചുകുട്ടിയൊന്നുമല്ലല്ലോ നീ ഇരുട്ടത്തിരുന്ന് പൊട്ടിക്കരയാൻ എന്ന് ചോദിച്ചിട്ടുണ്ടാവും വെട്ടം കെട്ടുപോയ മെഴുകുതിരി സൂര്യന്റെ പിറന്നാള് 'തന്നെ'യാവും അന്ന്! പക്ഷേ എത്ര പേർക്കറിയാമായിരിയ്ക്കും ഒന്ന് വിങ്ങിപ്പൊട്ടാൻ പോലും ചുറ്റും ഇരുട്ടില്ലാത്തവന്റെ അലച്ചിലാണ് പകലെന്ന് ....

സംശയങ്ങളുടെ മേക്കപ്പ്മാൻ

തുടക്കം ഒരു സംശയത്തിലായിരുന്നു കടൽ ഒരു സിനിമാനടിയാണെന്നും സൂര്യൻ കടൽ കൊണ്ടുനടക്കുന്ന മേക്കപ്പ്മാനാണെന്നും മേക്കപ്പ് ചെയ്ത കടൽ അല്ലേ പകൽ എന്നും വേഷം മാറിയ ജലമാണോ വെയിൽ എന്നും സംശയം തുടർന്നുകൊണ്ടിരുന്നു അല്ലെങ്കിൽ വെയിൽ കാണുമ്പോൾ ജലം ഉണങ്ങുന്നതെന്തിന് ചിന്തിക്കാൻ പോയില്ല ചിന്തിക്കുന്നവർ മീനുകളാണെന്നും ചിന്തിക്കുവാനുള്ള സൗകര്യാർത്ഥം അവർ ജലത്തിൽ ഒളിച്ചുതാമസിക്കുകയാണെന്നും തോന്നിയിരുന്നു തോന്നലുകളെ സംശയമായി വളർത്തുവാനും പോയില്ല വേഷം മാറി മുക്കുവനായി മീൻ പിടിയ്ക്കുവാൻ പോകണമായിരുന്നു എന്നിട്ടും പിടിച്ചുകൊണ്ടുവരുന്ന മീനുകൾക്ക് അവൾ കണ്ണെഴുതി കൊടുക്കുന്നില്ലേ എന്നും സംശയിച്ചിരുന്നു ദൈവത്തിന് കുറച്ച് മേക്കപ്പിന്റെ കുറവില്ലേ? സത്യത്തിൽ ദൈവമുണ്ടോ? ശരിയ്ക്കും ഞാൻ ജീവിച്ചിരിയ്ക്കുന്നുണ്ടോ? മനുഷ്യനായി കാണപ്പെടുന്നുണ്ടെങ്കിലും കൊണ്ടുനടക്കുന്ന സംശയങ്ങളുടെ മേക്കപ്പ്മാനായിരിക്കുന്നു ഞാനിപ്പോൾ!

ജാഥയെ കുറിച്ച്

എത്ര ശക്തമായ വാക്കാണ് ജാഥ കഥയില്ലാത്തവരുടെ സ്വതന്ത്രജാഥകളാണ് കവിതകൾ ചിലപ്പോൾ വലത്തേയ്ക്കുള്ളവ ചിലപ്പോൾ ഇടത്തേയ്ക്ക് ഒരൽപ്പം ചരിവുള്ള സാഹിത്യത്തിലെ സമരരൂപം കവിതയെഴുതുമ്പോൾ ഒരു ജാഥയിൽ പങ്കെടുക്കുകയാണ് നൃത്തം വെയ്ക്കുന്ന മറ്റൊരാൾ ജാഥകൾ കാണാൻ തുറന്നു വെച്ചിരിക്കുന്ന കടകളാവുന്ന കവലകൾ അപ്പോൾ അവിടെ ഉയർന്ന അളവിൽ മുദ്രാവാക്യങ്ങൾ വാങ്ങി കുറഞ്ഞ ചെലവിൽ വിൽക്കപ്പെടുന്ന സമരങ്ങൾ 2 രൂപപ്പെടുന്ന ഒരലസത മഴയ്ക്കും മേഘത്തിനുമിടയിൽ കടന്നുപോകുന്നൊരു മന്ദാരം എവിടെയോ അഴിയുന്നൊരു കുടുക്ക് ജാഥയ്ക്കും മുലയ്ക്കും തമ്മിലെന്ത്? 3 അവരവരുടെ ഇടങ്ങളിലേയ്ക്ക് ജാഥ കഴിഞ്ഞ് തിരിച്ചുപോകാനുള്ള വ്യത്യസ്ഥ വേഗതകൾ ഓർത്തുവെയ്ക്കുന്ന തിരക്കിലാണ് കടന്നുപോകുന്നവരുടെ കാലുകൾ ഇതിനിടയിലും ബാനർ പിടിച്ച് മുന്നിൽ നടക്കുന്ന രണ്ടുപേരുടെ രണ്ടുതരം നിശബ്ദതകിട്ടുന്ന ഇടം തേടി രാത്രി മുഴുവൻ നടക്കുന്ന നിലാവ് ആളില്ലാത്ത ജാഥയിൽ പങ്കെടുക്കുന്ന രാത്രി 4 കുറച്ചകലെ മുറിച്ച മൂവാണ്ടൻ മാവിന്റെ മുറിക്കാതെ നിർത്തിയിരിക്കുന്ന മൂന്നാമത്തെ കൊമ്പിന്റെ വിജനതപൂത്തുനിൽക്കുന്ന ഇടത്തിൽ നിന്നും ജംഗ്ഷന്റെ ഇടത

മിന്നാംമിന്നിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഒരാൾ

വെച്ചിരിക്കുന്ന കണ്ണട തന്നെയാണ് ഒന്നു മടക്കിയപ്പോൾ കടലാസായത് ഇനി കളിവള്ളമുണ്ടാക്കണോ വിമാനമുണ്ടാക്കി പറത്തണോ പുറത്തേയ്ക്കിറങ്ങണോ? പുറത്ത് മഴയുണ്ടോ? മഴയ്ക്ക് മുകളിൽ പഴയ ആകാശമുണ്ടോ? പണ്ടൊരു കുട്ടിക്കാലമുണ്ടായിരുന്നോ? നോക്കുവാൻ പോയ കാഴ്ച്ച തിരിച്ചുവന്നിട്ടില്ല പല പല ചോദ്യങ്ങളിൽ ചാരിയിരിക്കുകയാവണം സമയവും ചുവരുകളില്ലാത്ത ഘടികാരവും പറത്തിയിട്ടില്ലെങ്കിലും കടലാസുകളായിരുന്നിരിക്കണം പലതിനോടും സൂര്യനോടു പോലും പകയുണ്ടായിരുന്ന പകലുകൾ കാണാനാവുന്നുണ്ടാവുമോ ചില്ലറകൾക്കെങ്കിലും ജീവിതത്തിന്റെ ബാക്കിയുമായി രാത്രിയിലേയ്ക്ക് ഇറക്കിവിട്ട ഒരുയാത്രക്കാരനെ ഒരു പക്ഷേ ആരെങ്കിലും നാളെ കണ്ടെത്തിയേക്കാം സമനിലവഴങ്ങിയ ഭ്രാന്തുകൾക്കിടയിൽ മിന്നാംമിന്നിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഒരാളെ!

ആത്മാഭിമാനത്തെക്കുറിച്ച്

എന്റെ കാക്കകൾക്ക് തീ പിടിച്ചിരിയ്ക്കുന്നു അവ ഞാൻ കാണാതിരിയ്ക്കാൻ തീ അണച്ചണച്ച് പറക്കുന്നു പൊതുവേ കാക്കകൾ എന്റെ പറക്കുന്ന രാത്രികൾ ഇരിക്കുമ്പോൾ  അവ എന്റെ സ്വകാര്യ പകലിൽ മനുഷ്യരുടെ കൊത്തുപണികൾ ചെയ്യുന്നു ഒരേ സമയം പറക്കുമ്പോൾ എന്റെ പരാതികളുടെ സ്വതന്ത്രമായ ആവിഷ്ക്കാരവും അതേ സമയം ഇരിക്കുമ്പോൾ എനിയ്ക്കുള്ള ഉത്തരങ്ങളിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച നിഷേധിയായ ചോദ്യചിഹ്നങ്ങളുമാവുകയാണ് കാക്കകൾ അവ പലപ്പോഴും പറന്നുവന്ന് എന്റെ എല്ലിന്റെ ചില്ലകളിലിരിയ്ക്കുന്നു അപ്പോൾ കറുപ്പ് കാക്കയിൽ നിന്നും  പറന്നകന്ന് എന്റെ തൊലിപ്പുറത്തിരിയ്ക്കുന്നു പിന്നെ വെയിലു കൊണ്ട് കറുത്ത നിറത്തിൽ ചോരയ്ക്ക് തീ പിടിയ്ക്കുമ്പോൾ മാത്രം അവ വീണ്ടും പറന്നു പോകുന്നു അണയുമ്പോൾ ഞരമ്പിന്റെ മരച്ചില്ലകളിലേയ്ക്ക്  തിരിച്ച് ചേക്കേറുന്നു അത്രമേൽ കറുത്ത് രാത്രിയാകുന്നു എന്റെ വെളുത്ത പകലിനെ കറുത്ത നിറത്തിൽ അഭിസംബോധന ചെയ്യാൻ എന്റെ പരിമിതികൾക്ക് പുറത്ത് ഞാൻ കൊണ്ട് നടക്കുന്ന ആത്മാഭിമാനമാണ് കാക്കകൾ! (23 ആഗസ്റ്റ് 2016)