Skip to main content

Posts

Showing posts from February, 2017

നിലാവുള്ളപ്പോൾ മാത്രം

നിലാവുള്ളപ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു മരം ആ മരത്തിന്റെ തണലിൽ പകൽ മാത്രം വന്നിരിക്കുന്ന രണ്ടുപേരിൽ ഒരാൾ ഒറ്റപ്പെടുമ്പോൾ അയാൾ കിളികൾക്ക് പണിഞ്ഞു കൊടുക്കുന്ന ഭാരമില്ലായ്മ നിറമുള്ള വിഷം കൊണ്ട് പ്രണയമുള്ള ഇരയെ മാത്രം പിടിക്കുന്ന ഋതുവിന്റെ മൂലയിലെ വലയില്ലാത്ത ചിലന്തിയാവണം വസന്തം പുഴയിലേയ്ക്ക് മാത്രം വഴിയുള്ള വീട്ടിൽ, മഴയിലേയ്ക്ക് മാത്രം തുറക്കുന്ന ജാലകം; ജലത്തിന്റെ വിരലുകളാൽ തുറന്ന് അപ്പോഴൊക്കെ അവൾ അയാളെ നോക്കിയിരിക്കുമായിരിക്കും!

വിത്തും ഞാറും

പ്രണയത്തിന്റെ ഞാറ് ഉടലിലാകെ നട്ട് പിറകിലേക്ക് നടന്നിറങ്ങുകയായിരുന്നെന്റെ പ്രായം അപ്രതീക്ഷിതമായി കിട്ടുന്ന കുറച്ച് അതിശയത്തിന്റെ വിത്തുകൾ നട്ടില്ല സമയക്കുറവ് കൊണ്ടല്ല, എടുക്കുവാനുണ്ടായിരുന്നില്ല ഒരു തരി മണ്ണ് എന്നിട്ടും കിളിച്ചു വന്നു തീരെ ശബ്ദമില്ലാതെ ശാന്തതയുടെ അഞ്ചുവിരലുകൾ മാന്തിനോക്കുമ്പോൾ കുഴിയിലാകെ മണ്ണിന്റെ ചുണ്ടുകൾ, പ്രതിമയിൽ അന്യനെ പോലെ നനഞ്ഞ ബുദ്ധനും!

വിരസത ഒരു കവിതയാണ്

1 ഞാൻ എന്തുചെയ്യുകയാണെന്ന് എത്തിനോക്കുകയായിരുന്നു മീനുകൾ ഞാനൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല എത്തിനോക്കുന്നതിന് മുമ്പ് മീനുകളും ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല ഇപ്പോൾ എത്തിനോക്കിയത് കൊണ്ട് മീനുകൾക്ക് ഇല്ല എന്ന വാക്കുകൾ കീറിക്കീറി ഇട്ടുകൊടുത്തുകൊണ്ടിരിക്കുകയാണ് എന്റെ വിരസത ശരീരത്തിന്റെ പ്രതിദ്ധ്വനി പോലെ ഉള്ളിലാകെ മുഴങ്ങുന്ന വിരസത. കൂട്ടം കൂട്ടമായി വന്നു ഇല്ല എന്ന വാക്കുകൾ കൊത്തിവലിച്ചു തിന്നുകയാണ് മീനുകൾ അതിനിടയിൽ എന്നെ തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്ന ഒരൊറ്റ മീൻ അതിന് ചുറ്റും അതിന്റെ മാത്രം ഏകാന്തത മീനുകൾക്കിടയിലെ ബുദ്ധനാവണം ആ മീൻ 2 ബോധി മരം പോലെ ആ മീനിന്റെ ഉള്ളിലുണ്ടാവണം സ്വന്തം മുള്ള് അതിന്റെ ചോട്ടിൽ അതേ മീനിന്റെ കഴിഞ്ഞ ജന്മത്തിലെ പൂർത്തിയാക്കാനാവാത്ത ധ്യാനം ധ്യാനിക്കുന്ന മീനിന് ബുദ്ധന്റെ കണ്ണുകൾ അവയ്ക്ക് ഭൂതകാലത്തിന്റെ ചലനം ഇന്നിന്റെ ഇമകൾ 3 വല്ലാതെ തിരക്കിലായിരിക്കുന്നു ജലത്തിൽ പ്രതിഫലിക്കുന്ന എന്റെ പ്രതിബിംബം കൊത്തിതിന്നാൻ വരുന്ന മീനുകളെ ബഹുവചനത്തിലും കരയിലിരിക്കുന്ന കാക്കയെ ഏകവചനത്തിലും അത് ആട്ടിയോടിക്കുവാൻ

വെറുതെ

വെറുതെ കണ്ണാടിയിൽ നോക്കുമ്പോൾ ഇന്നെന്തോ പതിവില്ലാതെ എന്നേക്കാണാൻ നല്ല ഭംഗിതോന്നി അതിനിടയിൽ ഇന്നലെകൾ ജീവിതരസങ്ങളായി കണ്ണാടിയിയ്ക്ക് പിറകിൽ എന്റെ പഴയപ്രതിബിംബങ്ങളുമായി കലഹിക്കുന്നത് കാണാമായിരുന്നു. ചുറ്റും ശരി എന്ന മയിൽ നൃത്തം വെയ്ക്കുന്നു തെറ്റുകളാണ് പീലികൾ...... ഇന്നലെ വരെ ഈ കണ്ണാടിയിൽ കണ്ടിരുന്ന ആൾ മരിച്ചുപോയെന്ന് പൊട്ടിപ്പോകാതെ അങ്ങനെയല്ലാതെ അവയോടെങ്ങനെ തുറന്നുപറയും? ജീവിതം എന്ന മൃതദേഹം കേടുകൂടാതിരിക്കുവാൻ ഇല്ലാത്ത കണ്ണാടിയിൽ ഐസിട്ടവാക്കുകൾ കൊണ്ടെഴുതുന്ന കാഴ്ച്ചകളുടെ പ്രതിബിംബമാവണം കവിത!

വിശ്വസിക്കുമോ നീ

ഒരു ചുംബനത്തിനും പാകമായിട്ടില്ല എന്റെ ചുണ്ടുകൾ നിർഭാഗ്യവശാൽ ഒരു പരിചയത്തിനും തിരിച്ചറിയുവാനായിട്ടില്ല എന്റെ ചിരികൾ ഞാനിന്നും എന്റെ നൃത്തത്തിന്റെ ഉറവ സ്വന്തം ഭ്രാന്തിന്റെ ഖനി എന്നിട്ടും അവളിലേക്കുള്ള ഓരോ വഴിയും എന്റെ തന്നെ താഴുകളാവുന്നു താക്കോലുകൾ പോലെ കിലുങ്ങുന്ന എന്റെ കാലടികൾ നടന്നു തീരുമ്പോൾ ഓരോ തവണയും എന്നിലേയ്ക്ക് മാത്രമെത്തുന്നു. വിശ്വസിക്കുമോ നീ? നമ്മൾ ഒരിക്കലും കണ്ടുമുട്ടില്ല എന്ന തെറ്റ് എന്നേ ചെയ്തു കഴിഞ്ഞവർ ഇനി ചെയ്യുവാൻ തെറ്റുകളില്ലാതെ എല്ലാ പരിശുദ്ധിയോടും കൂടി പ്രണയത്തിന്റെ നുണയിലേയ്ക്ക് പുതുക്കപ്പെടുന്നവർ!