Skip to main content

Posts

Showing posts from 2018

ദൈവം കാഴ്ച്ച എന്നീ നിലകളിൽ

ഞാനിന്ന് ദൈവത്തിനെ കണ്ടു അദൃശ്യത എവിടെയോ മറന്നുവെച്ചത് പോലെ തികച്ചും നിശ്ശബ്ദനായിരുന്നു ദൈവം ഇന്നലെവരെ കണ്ട ദൈവങ്ങളിൽ നിന്നും വ്യത്യസ്തനായിരുന്നു ദൈവം നിശ്ചലതയുടെ തുള്ളിയിറ്റി രണ്ടുതുള്ളികൾക്കിടയിൽ നിശ്ചലത വ്യത്യസ്തമായി നോക്കി നിൽക്കേ നിശ്ശബ്ദത ഒരൽപ്പം നീക്കിവെച്ചു ദൈവം നീക്കി         വെച്ച നിശ്ശബ്ദത, മറ്റൊരു ദൈവമാകുന്നതും ദൈവമാകുന്ന നിശ്ശബ്ദത ആരാധിയ്ക്കുവാൻ ഒരു കൂട്ടത്തിന്റെ അരികുകൾ രൂപപ്പെടുന്നതും കണ്ടു രൂപത്തിന്റെ പടം പൊഴിച്ച് എങ്ങൊട്ടെന്നില്ലാതെ എഴുന്നേറ്റുപോയി അരക്കെട്ടുകൾ കുഴിഞ്ഞ ദൈവം കുഴികളിറ്റി അരക്കെട്ടുമിറ്റി കുഴിയ്ക്കും അരക്കെട്ടിനുമിടയിൽ എഴുന്നേറ്റുപോകുന്നതിന്റെ ഒരു വിടവുണ്ടായി ഇമകൾ കടത്തികൊണ്ടുപോകുന്നവർക്കിടയിൽ എന്റെ കണ്ണുകളിലും ഉണ്ടായിവന്നു ഒന്നുമിറ്റാതെ, നിശ്ശബ്ദതയുടെ രണ്ടുകുഴികൾ.

വരി നിര കവിത

രക്തം തരിശ്ശിട്ട കവിതയുടെ നാലാം ധമനി നിലത്ത് വീഴുന്ന എഴുത്തുകോശങ്ങളുടെ നിശ്ശബ്ദത. കണ്ണ് നിശ്ചലമിട്ട് ഒരിറ്റ് ജലത്തിലേയ്ക്ക് വായനയും വായും ചലിയ്ക്കുന്ന ഇടം വീശുന്ന മൂന്നാമത്തെ കാറ്റ് ആദ്യത്തെ രണ്ട് ചലനങ്ങളും വിട്ട് മൂന്നാമത്തെ ചലനം തൊട്ട് തുടങ്ങുന്ന ഇല വിളക്കിന്റെ നാളം ശബ്ദത്തിന്റെ നിദ്ര പോലെ ദ്രാവകരൂപത്തിൽ ചെവി മണ്ണിൽ തൊട്ട് ആകാശത്തിന്റെ തൈ നട്ട് തിരിച്ചു കിളിർത്തു തുടങ്ങുന്ന വിരലുകൾ പരതുന്നതിനിടയിൽ വിരലിൽ തടഞ്ഞ അവസാന വരികൾ എഴുതാൻ കഴിയാതെ പോയ കവിത മുറിച്ചു കടക്കുവാനായേക്കില്ല ഇനി നിനക്ക്, നീ വെച്ചു കഴിഞ്ഞ നൃത്തത്തിന് മരണത്തിന് മുമ്പ് ശവം നഷ്ടപ്പെട്ട ഒരാളുടെ വിലാപയാത്ര..

തീ, കാറ്റോർത്തെടുക്കുന്ന ഒന്ന്

അണയുന്ന നാളങ്ങളുടെ കൊത്തുപണികൾ ചെയ്ത തീയായിരുന്നു കത്തുന്ന തീ ഏതു നിമിഷവും അണച്ചുകൊടുക്കപ്പെടും എന്ന ശബ്ദത്തിന്റെ ബോർഡ് വെച്ച ഫയറെഞ്ചിനാണ് ആദ്യം കടന്നുവന്നത് വേഗത കുറച്ച് വേഗത കുറച്ചുകൂടി കുറച്ച് വേഗത തീരേ തോന്നാത്ത വിധം ഒന്നിൽ നിന്നും തീരെ കടന്നുപോകാത്ത വിധം സാവകാശത്തിലേയ്ക്ക് നിർത്തിയിട്ടിരിക്കുന്ന വേഗതയിലേയ്ക്ക് വന്നു നിന്നത്. കത്തുന്ന തീ കൊണ്ടുവരുന്ന നിശ്ശബ്ദതയ്ക്ക് കാതോർത്തു കിടക്കുകയായിരുന്നു ഞാൻ അത്രമേൽ ഉണങ്ങിയത് കൊണ്ട് മടക്കിവെയ്ക്കാവുന്ന തീ ഉളളിൽ അടുക്കിവെയ്ക്കുകയായിരുന്നു നീ. അടുപ്പിലെ ഒരിത്തിരി തീ എഴുത്തിലെ ഒരിത്തിരി തീ നെഞ്ചിലെ തീ വിരിഞ്ഞുകൊണ്ടിരിക്കുന്ന പൂവിലെ കലണ്ടറിലെ നാളയിലെ തീ വാകയുടെ ചോട്ടിലെ തീ കൈയ്യാമത്തിലെ പണ്ടത്തെ കൊളുത്തിലെ തീ എല്ലാത്തിലും ഉണ്ടായിരുന്നു കുറേശ്ശേ തീ അതെല്ലാം കൂട്ടിവെച്ച് നീയും മുല്ലപ്പൂക്കളുടെ കൊല്ലനായിരുന്നു മൂടോടെ ചെടിയുടെ ആലയും അണയ്ക്കുവാനുണ്ടോ തീ എന്ന് വിളിച്ചുചോദിച്ച് ചോദ്യങ്ങൾ മലയാളത്തിൽ കൊളുത്തിയിട്ട് തമിഴത്തിയായാണ് പിന്നെ വന്നത് മുടിയിലുണ്ടായിരുന്നു മുല്ലപ്പൂ വസ്ത്രത്തിൽ വസന്തം നോക്കിൽ മൂക്കൂത്തിയു

വിത്ത്

കവിതയെഴുതാത്തപ്പോൾ അതിന്റെ വിത്തു സൂക്ഷിക്കുവാൻ ഒരപ്പൂപ്പന്താടി കൊ ണ്ടു പോകാറുണ്ട് എന്റെ മനസ്സ് ഇപ്പോൾ എനിക്കറിയാം കിളിർക്കാതെ ഒരു മഴ ഉണക്കി, സൂക്ഷിക്കേണ്ടതെങ്ങിനെയാ ണെ ന്ന് തൊടരുത്.. ഇപ്പോൾ ഉടലാകെ, ഉണക്കി സൂക്ഷിച്ച മഴയുടെ നര. കൈയ്യിൽ എഴുതാത്ത വിരലിന്റെ വിത്ത്..

ഉം

ഉം എന്ന ശബ്ദത്തിനാണത്രേ കുറച്ച് കാലമായി ഏറ്റവും കൂടുതൽ ഭംഗി അതുകൊണ്ട് കഴിഞ്ഞ കുറേ കാലമായി അത് മാത്രമേ വെയ്ക്കാറുള്ളു. ഈയിടെയായി കുറച്ചുകൂടി ഭംഗി തോന്നിത്തുടങ്ങിയിട്ടുണ്ട് എന്ത് പറഞ്ഞാലും നിങ്ങൾ എനിക്കുവേണ്ടി ആ അവസാനം ചേർക്കുന്ന ഉം.

വിധം

ആത്മാവിന്റെ ശുദ്ധീകരണമായിരുന്നു ആത്മാവ് കൊണ്ട് വന്നിട്ടുണ്ടോ എന്ന വിശദീകരണം ആവശ്യമില്ലാത്ത ആദ്യചോദ്യത്തിൽ തന്നെ പുറത്തായി രണ്ടാമത്തെ ശ്രമമെന്ന നിലയിൽ കൊണ്ടുപോയതാവണം ഉടല്. തകരരുത് ഓർമ്മകൾ മാത്രമാണെന്ന് പലവട്ടം പറഞ്ഞു നിന്റെ മുലകളേക്കാൾ നിശ്ചലമാകുവാൻ കഴിയില്ലെന്ന് കറുപ്പ് കെട്ടിവെച്ച കറുപ്പ് ചുമക്കുന്ന കറുപ്പ് പറക്കുന്ന ഇടത്തോടും വേദനയുടെ ഔദാര്യം ഒട്ടും ആവശ്യമില്ലാത്ത ദ്രാവിഡ മുറിവ് 2 എങ്ങനെ കളഞ്ഞുപോകണം എന്നുള്ളതിന്റെ പഠനമായിരുന്നു നീ കണ്ടതിന് ശേഷം ശിൽപ്പത്തിനെന്തോ മാറ്റമുണ്ടായത് പോലെ തോന്നി. എന്റെ കൊത്തുപണി ചെയ്ത തോന്നലുമായി നീ കടന്നുപോയി നിന്റെ മനസ്സ് കൊത്തുപണികൾ ചെയ്യാതെ തരിശിട്ട ഒന്നായി നമ്മൾ കൊത്തുപണികൾ ചെയ്യാൻ മനസ്സ് തരിശ്ശിട്ട രണ്ടുപേരായി 3 തൂവലുടയുന്ന ശബ്ദങ്ങളിൽ കിളികൾ പറന്നുപോയി നിന്റെ ഞെട്ടിൽ കടൽ തിരമാലകളുടെ ഇതളുള്ള വിരിഞ്ഞുവിരിഞ്ഞു കൊഴിയാൻ മറന്ന ഒന്നായി എനിയ്ക്ക് ചങ്ങലയെ ക്രമീകരിയ്ക്കുവാൻ കഴിയുന്ന ഒന്നാകുവാനായി ഞാൻ ജലത്തിനെ ഓരോ മീൻ തുഴച്ചിലിന്റെ അറ്റത്തും ചങ്ങലയ്ക്കിടാൻ ശ്രമിച്ചു കര ജലത്തിന്റെ ചങ്ങലയ്ക്കിട്ട ഒരു വസ്തുവായി 4 ആടുക

കടൽക്കല്ലുള്ള മൂക്കൂത്തി

നിന്റെ മുക്കൂത്തി കല്ലിൽ നിന്നും ഒരു തുള്ളിയിലേയ്ക്ക് വീണ് ഒരു തുമ്പിയുടെ പരിക്കേറ്റ കടൽ നിന്റെ കൊലുസ്സിന്റെ ശബ്ദത്തിൽ തല വെച്ച് കിടക്കുന്ന കൊച്ചുകൊച്ചു തിരമാലകൾ എത്രയെത്ര തിരമാലകളുടെ മുത്തശ്ശിയായിരിയ്ക്കും ശരിയ്ക്കും നിന്റെ കൊലുസ്സ് എനിയ്ക്ക് മനസ്സ് പണിയുവാൻ അതിൽ നിന്നൊരു മുത്ത് എന്നെങ്കിലും കടം ചോദിയ്ക്കുമായിരിയ്ക്കും കടലിന്റെ ആഴം അത് വരെ അത് നിന്റെ പേരുള്ള രത്നമായി എടുത്തു വെയ്ക്കുമായിരിക്കും നമ്മുടെ കടലമ്മ ..

ശബ്ദബുദ്ധൻ

ശരിയ്ക്കും നിന്റെ കാതിൽ കൊത്തിവെയ്ക്കുവാനുള്ള ബുദ്ധനേ എനിയ്ക്കുള്ളു ഒരു വിധത്തിൽ വെറും ശബ്ദബുദ്ധൻ അതിനെ ഒക്കത്തുനിന്നും ഊർന്നിറങ്ങുവാൻ ശ്രമിയ്ക്കുന്ന കുഞ്ഞിനെ പോലെ യാതൊരു ശബ്ദവും കേൾപ്പിയ്ക്കാതെ നിന്റെ കാത് ഒറ്റത്തുടം ശബ്ദത്തിൽ കമ്മലിന്റെ ചലനത്തിൽ നൃത്തബുദ്ധനായി കൊത്തിവെയ്ക്കുന്നു നീലകളിൽ നിന്നിറങ്ങി പറക്കുന്ന നിറങ്ങളൊച്ചിട്ട പൊൻമാൻ കൂടുതൽ പറയുന്നില്ല പറഞ്ഞാൽ കീ കൊടുത്ത റായുടെ മുറുക്കത്തിൽ നീ വെളുപ്പിന്റെ മണമുള്ള നാല് വറ്റെടുക്കും അതിൽ രണ്ട് വറ്റെടുത്ത് നീ എന്റെ ചുണ്ടുകളെ ഒന്നും കൊത്താതിരിയ്ക്കുവാനെന്നോണ്ണം ചേർത്തൊട്ടിയ്ക്കും ഒറ്റയ്ക്കിരിക്കുമ്പോൾ വീണ്ടും വീണ്ടും പൊട്ടിച്ച് കെട്ടിപ്പിടിച്ച് വായിക്കുവാനെന്നോണ്ണം കൂടുതൽ എഴുതുന്നില്ല വെറുതെ അതെന്നെ ഓർമ്മിപ്പിയ്ക്കുന്നു പണ്ടൊക്കെ എത്ര സ്റ്റാമ്പുകളുടെ അമ്മയായിരുന്നു നിന്റെ ഒറ്റ കത്ത്..

കടൽ അലമാര

ഒരു തട്ടിൽ അഴിച്ചിട്ട മുടി രണ്ടാമത്തെ തട്ടിൽ അത് വാരിക്കെട്ടുവാൻ നീ ഉയർത്തുന്ന കൈകൾ അതിനുതാഴെ രണ്ടുമീനുകളുടെ മുലകൾ അതിനും താഴെ പാറുന്ന അടിവയറിന്റെ പതാകകൾ ചുറ്റും വാരിക്കെട്ടിവെയ്ക്കാനാവാത്ത പതയുന്ന ഉമ്മകൾ മടിത്തട്ട് മെടഞ്ഞിട്ട കാലുകൾ അതിന്റെ അടിത്തട്ടിൽ ഒഴുകിക്കിടക്കുന്ന ഞാൻ അതിലും ആഴത്തിൽ ഒന്നുമില്ല കടൽപോലും എന്നിട്ടും ഞാൻ, ഒരു ഉടൽ തോർത്തും എടുത്തുടുത്ത് നിന്റെ കടൽ കുളിയ്ക്കാനിറങ്ങുന്ന ഇടം ഞാൻ നിന്റെ കുളികളുടെ ഉടൽ അലമാര നീ എന്റെ അരികിൽ ചാരി വെയ്ക്കപ്പെട്ടിരിയ്ക്കുന്ന കടലിന്റെ അലമാര നമ്മുടെ മുറി സ്ഥാനം തെറ്റിക്കിടക്കുന്ന അലമാരകളുടെ ഒന്നും അടുക്കിവെയ്ക്കാത്ത കാട് അപ്പോഴും നീ ഞാനാരാധിയ്ക്കുന്ന മൂക്കൂത്തികളുടെ കാവായി, മഴമഞ്ഞൾ പുതച്ച് തുടരുന്ന ഇടം..

പ്രദർശനത്തിനായി ഒരു ചിത്രത്തിന്റെ ഇളയത്

പൂച്ചകൾ വെച്ച കാലടികൾ നോക്കി, മീനുകളുടെ ഒച്ച തുരന്നുതുരന്നാണ് പോവുക. ഞാനും നാലുശലഭങ്ങളും അക്കമാവുന്നതിന് മുമ്പുള്ള നാലാണ് അതിൽ മൂന്നും ഞാൻ തന്നെയാവുന്നു മൂന്നിലേയ്ക്കുള്ള ശലഭങ്ങളിൽ നാലും അപ്പോഴും നിന്നെ ആശ്വസിപ്പിയ്ക്കുന്ന തിരക്കിലാണ് ആശ്വസിപ്പിയ്ക്കുവാൻ തെരഞ്ഞെടുക്കുന്ന വാക്കുകൾ പറഞ്ഞുപറഞ്ഞ് എന്നേക്കാൾ വലുതും നിന്നേക്കാൾ ചെറുതുമാകുന്നു ശലഭങ്ങളുടെ നിധി കൊള്ളയടിയ്ക്കുവാനാണ് ഞങ്ങൾ പോകുന്നുണ്ടാവുക നിധികാക്കുന്ന ശലഭങ്ങളുമായുള്ള മൽപ്പിടിത്തത്തിലാവും ഞാൻ കൊല്ലപ്പെടുക അതാണെന്റെ വിധി അത് പറഞ്ഞാവും ശലഭങ്ങൾ നിന്നെ ആശ്വസിപ്പിയ്ക്കുന്നുണ്ടാവുക. നീയിപ്പോൾ ശലഭങ്ങളെ വിശ്വസിച്ച മട്ടാണ് എനിയ്ക്കോർമ്മയുണ്ട് നീ പണ്ട് ശലഭങ്ങളെ കണ്ണെടുത്താൽ വിശ്വസിക്കാറില്ലായിരുന്നു 2 ഞാനും നിന്നെ വിശ്വസിപ്പിച്ച ശലഭങ്ങളും പൂക്കളുടെ ടാക്സിയിൽ ശലഭങ്ങളുടെ നിധിയുടെ തൊട്ടടുത്തേയ്ക്ക് നീ അപ്പോൾ എന്നിൽ നിന്നും കൂടുതൽ അകലത്തിൽ നിധിയിൽ നിന്നും അധികം അകലമില്ലാത്ത ദൂരത്തിൽ. 3 നീയിപ്പോൾ ഞങ്ങൾ സഞ്ചരിയ്ക്കുന്ന നഗരത്തിൽ നടക്കുന്ന ചിത്രപ്രദർശനം കാണുന്ന തിരക്കിലാണ് അതിശയമെന്ന് പറയട്ടെ നീയിപ്

സൈലൻസറുടൽ

കാട് കൊണ്ട് കളഞ്ഞിട്ട് വരുന്ന മരത്തിനെ കാണുന്നു. കണ്ടെന്ന് നടിയ്ക്കുവാൻ നടക്കുന്നതിനിടയിൽ ഒരു തൂവൽ കിളി എന്ന നിലയിൽ കുടഞ്ഞിടുന്നു. കാടെന്ന് വിളിച്ച് ജീവിതത്തിലൂടെ നടന്ന മനുഷ്യനാണ് ഒരു കിളി വന്നു വിളിച്ചിട്ടും ശലഭത്തിന്റെ മാത്രം ആതിഥേയത്വം സ്വീകരിച്ചതോർമ്മയുണ്ട്.. കളയുവാനൊന്നുമില്ലെങ്കിലും എന്നോ കാടിന്റെ നടപ്പുള്ള ഒരാളായതാണ് അവളുടെ ചില ചലനങ്ങൾ മാത്രം തർജ്ജമ ചെയ്ത് മിടിപ്പുകളായിട്ടുണ്ട്. അല്ലെങ്കിൽ കളയുവാനൊരെളുപ്പത്തിന് എന്നെങ്കിലും മരമോ മനുഷ്യനോ ആയതാവാം ഈയിടെയായി നടക്കുമ്പോൾ വല്ലാത്തൊരിരമ്പൽ മൊത്തത്തിൽ സൈലൻസർ പോലെ ഉടൽ ഒന്ന് ചരിച്ച് പണിഞ്ഞുവെയ്ക്കണം..

കാതീയം

കാത് കുത്തിയ വെളിച്ചത്തിൽ ചാരിയിരിയ്ക്കുന്ന ഒരാൾ അയാൾക്ക് ഇരുട്ടുകൊണ്ടുണ്ടാക്കിയ കാത് അതിൽ തൂക്കിയിട്ടിരിയ്ക്കുന്ന സുഷിരത്തിന്റെ ഭാരം അയാൾ തൂക്കിയിടാവുന്ന രണ്ടു കാതുകളുടെ തുരുത്ത് കേട്ട ഒരു കൂട്ടം പാട്ടുകളുടെ ദ്വീപ് അയാൾ, അയാൾ വളർത്തുന്ന മിന്നാമിന്നികളുടെ മാത്രം വെളിച്ചം ഇനിയും ഉറങ്ങിയിട്ടില്ല എന്നോ വിഗ്രഹങ്ങൾ വകഞ്ഞ് ബുദ്ധനെ തൊട്ടവിരലുകൾ അന്ന്  ബുദ്ധന് വന്ന പനിയുടെ ചൂട് ഇന്ന് അയാൾക്ക് മാത്രം തൊടാവുന്ന കൈയ്യകലത്തിലുള്ള മീൻ ഇന്നത്തെ നാലാമത്തെ താരാട്ട് വലത് കൈയ്യിലെ കുഞ്ഞുവിരൽ മാത്രം മീനിനെ തട്ടിമാറ്റി അരികിലെ പനിയെ തട്ടിമാറ്റി ഉറങ്ങാൻ കിടന്നിരിയ്ക്കുന്നു...

സുഗന്ധസൂര്യൻ

സുഷിരമുണ്ടാക്കി കിഴക്ക് കഴുത്തിലിട്ട് നടക്കുന്നവനെ നിനക്കെന്തിനാണിത്രയും കിഴക്കുകൾ.. തിരിച്ചുചോദിയ്ക്കരുത് എനിക്കെന്തിനാണ് ഇത്രയും ദിക്കുകൾ? ഒറ്റ ഉടലിൽ എനിയ്ക്കെന്തിനാണ് ഇത്രയും ഇടതുകൾ? പലദിവസങ്ങളുടെ തൊലിയുണ്ടെങ്കിലും നീയെനിയ്ക്ക് രണ്ടുകണ്ണുകളിൽ ഇട്ടലിയിക്കുവാൻ ഒരൊറ്റ സൂര്യമിഠായി വായിക്കുക എന്നാൽ കണ്ണുകളെ കത്തിയ്ക്കുക എന്നായിട്ടുണ്ട് കുഞ്ഞുസൂര്യാ.. എഴുതുക എന്നാൽ ബുദ്ധസാന്ദ്രത കൂടിയ സന്ധ്യലായനിയിൽ അതേ കണ്ണുകൾ വെള്ളമൊഴിച്ച് കെടുത്തുക എന്നുമായിട്ടുണ്ട് പ്രവർത്തികളുടെ സുഗന്ധമുള്ള വിദ്ഗധസൂര്യാ!

ഉയിരിനെക്കുറിച്ച് ചില തിരുത്തലുകൾ

ഇടയ്ക്കിടെ കൊണ്ടുകളയുന്ന തെരുവിൽ രണ്ട് ഇടതുകാലുകളുടേതായിരുന്നു നടത്തം പലപ്പോഴും മുടങ്ങിയിരുന്നു ജീവിതം ഇടയ്ക്കിടയ്ക്ക് മുടന്തിയിരുന്നു നടത്തം തെരുവ് കൊണ്ടുകളയുന്നതിന് വീട്ടിൽ നിന്നും അടികിട്ടുന്ന കുട്ടിയായിരുന്നു നൃത്തം ഭക്ഷിച്ചു ജീവിയ്ക്കുന്ന മീനുകളോടൊപ്പമാണ് ഇപ്പം താമസം ചലനങ്ങൾ മാത്രം ഇട്ടു കൊടുത്താൽ മതിയായിരുന്നു എത്ര വേദനിച്ചാലും സഹതാപങ്ങളിൽ വിശ്വാസമില്ലാത്തവനായിരുന്നു വേദനിയ്ക്കുമ്പോഴെല്ലാം അളവില്ലാത്ത സഹതാപം ഒരു ലോറിനിറയെ കയറ്റി വരുന്നതിനിടയിൽ പരിധിയില്ലാതെ മറിഞ്ഞുപോയ ഇനിയും മറിഞ്ഞുതീരാത്ത ലോറിയിലെ മരിച്ചുപോയ ഡ്രൈവറായിരുന്നു എന്റെ ദൈവം.. ഇപ്പോൾ ദൈവത്തിലും വിശ്വാസമില്ലാതെയായി ശലഭങ്ങൾക്ക് മാത്രം കൊണ്ടുവരാൻ കഴിയുന്ന വസന്തത്തിന്റെ തരിയില്ലേ? ഉയിരിന്റെ എന്ന് തിരുത്തുവാൻ കഴിയുമോ എന്ന് നിശ്ശബ്ദമായി ആരായുക മാത്രമാണ് ഓരോ ഋതുവിലും ഞാൻ..

ഉടമ്പടി കവിതകൾ

നിലാവിന്റെ കളം കരുക്കളിലെ ചന്ദ്രൻ പകലിന്റെ ഒരു മൂലയിലേയ്ക്ക് മാറ്റിവെയ്ക്കപ്പെട്ടിരിയ്ക്കുന്ന ഇന്നലെ വിരിയാനൊരിടം തേടി ഇരുട്ടിന്റെ മൊട്ടുള്ള കള്ളൻ എത്രയെത്ര പ്രതലങ്ങളാണ് നിശ്ശബ്ദതയ്ക്ക് സമതലത്തിലേയ്ക്കുള്ള ഏറ്റവും വലിയ അകലവും അളന്നുവാങ്ങി നടന്നുതുടങ്ങുന്ന രണ്ടുകാലുകളുടെ തുള്ളികൾ കേൾക്കുവാൻ എത്ര മനോഹരമാണ് ദൂരങ്ങളുടെ ശബ്ദങ്ങൾ അരികിൽ അതിലും ചെറിയ രണ്ട് ശബ്ദങ്ങളുടെ ഞാത്ത് അടുത്ത് വലതുഭാഗത്തിന്റെ മാത്രം പ്രതിമ അരയ്ക്ക് മുകളിൽ പ്രത്യക്ഷപ്പെടുന്ന ചെറിയൊരു പൊട്ടൽ കാലം കഴിയുന്തോറും കാണപ്പെടുന്ന വിള്ളൽ പോലെ പ്രതിമയിൽ വെളിച്ചം കലക്കിയൊഴിയ്ക്കപ്പെടുന്നു രണ്ടാമത്തെ നിശ്ശബ്ദത ഇരുട്ടുമായി ഇണചേർന്നുതളർന്ന നട്ടെല്ലിന്റ രണ്ടുവെള്ളച്ചാട്ടങ്ങൾ കിലുക്കം ഊരിവെച്ച രണ്ടരക്കാതത്തിന്റെ രണ്ടുകൊലുസ്സുകൾ നാലുകാലുകൾ കൊണ്ടലങ്കരിച്ച രതിയുടെ മൃതദേഹം. വരൂ ഇനി നമുക്ക് നരയ്ക്കാം നടത്തങ്ങൾ തിരുത്താം ഇനിയുള്ള ഉടമ്പടികൾ കവിതയിലാകട്ടെ..

അരയന്നപ്പാതി

തീരത്തിന് തീയിട്ട് കര കടക്കുകയാണ്.. ആയിരം അരയന്നങ്ങൾ മുറുകെപ്പിടിയ്ക്കുവാൻ ചോരയിലെഴുതിയ അതിന്റെ നിറത്തിന്റെ ഉറവ. അരുതാത്തതിന്റെ ചോര, ചിതലെടുക്കാത്ത കണ്ണീരുമുണ്ട് വിരൽ അതിന്റെ നഖത്തെ കടിച്ചെടുക്കുന്നു. എനിയ്ക്ക് നിന്റെ ജലത്തിന്റെ ശീലമാവണം നീ നനയുമ്പോഴൊക്കെ കരയണം.

ചാവിയും പാവയും

വാങ്ങിയിട്ടുണ്ട് ചാവി കൊടുക്കാവുന്ന ഒരു കടലിന്റെ പാവ കൈയ്യിലുള്ളത് നിലാവിന്റെ കീ ചെയ്ൻ പടരുന്നതും വളരുന്നതും കറക്കിക്കറക്കി നിൽക്കുന്നത് പകലിന്റെ വള്ളിച്ചെടികൾ അടുത്തുതന്നെയുണ്ട് കല്ലുകൊണ്ട് എറിയാൻ തുടങ്ങുന്ന ഒരാളുടെ വിഗ്രഹം കണ്ടിട്ട് ഉടലിന്റെ കടമുള്ള നടനാണ് ഉറങ്ങുമ്പോൾ മറിയുന്ന ഒരാളുടെ ഉപമ അയാളിൽ കൊത്തിവെച്ചിരിയ്ക്കുന്നു വെയിലും കിളികളും അത് കൊത്തികൊത്തി തിന്നുന്നു ഉപമയും തിരിയുമ്പോൾ മാത്രം മറിച്ചിലും ഓരോ വിരലുകളും അക്കരെ കടക്കാൻ കാത്തുനിൽക്കുന്ന കടവാണ് വിരലിന്റെ ഇടയ്ക്കുള്ള സ്ഥലം ഉടലുകൾ കൊത്തി തിന്നാൻ വരുന്ന ഇടവും ഉള്ളത് പിരിയനാഴം താഴെ മീൻ പലകകൾ വെറുതെ നിൽക്കുന്നില്ല ഞാനും കീറികീറി വെള്ളത്തിലേയ്ക്ക് ഇട്ടുകൊടുക്കുന്നുണ്ട് നിനക്ക് ഭ്രാന്താവുന്ന മണം അടുത്തടുത്ത് വരുന്നത് ശലഭങ്ങളുടെ ജങ്കാർ എപ്പോഴോ മുഴക്കിയിട്ടുണ്ടാവും അതിന്റെ വലിപ്പവും ഗാംഭീര്യവും സൂചിപ്പിയ്ക്കുന്ന ഒരു ഇടത്തരം ഹോൺ..

നിന്റെ ഭ്രാന്തിന്റെ പഞ്ഞി

എന്റെ മുറിവുകൾ നിന്റെ മനസ്സിൽ വെച്ച് മടങ്ങുകയായിരുന്നു ഞാൻ തിരികെ ഉടൽ നിറയെ നിന്റെ മുറിവിലേയ്ക്കുള്ള പഞ്ഞിയും കയറ്റി വരുന്ന ലോറിയാവുന്നു ഞാൻ രണ്ട് കിളികളാണ് ഡ്രൈവർമാർ അതിൽ ഒരാൾ മാത്രം വണ്ടിയോടിയ്ക്കുന്നു മറ്റയാൾ നീയെന്ന ചില്ലയിലിരിയ്ക്കുന്നു നിന്റെ തുടയിലേയ്ക്ക് കയറിപ്പോകുന്ന ഉറുമ്പ് അതാണിനി വണ്ടിയ്ക്ക് കയറുവാനുള്ള തേരി കടന്നുകഴിഞ്ഞത് നടുക്ക് ഒടിയ്ക്കാൻ പാടുള്ള പകലിന്റെ ഗുളിക കടലും ഒരു ഗുളിക കഴിക്കാൻ ഒറ്റരാത്രി മാത്രമുള്ളത് തീക്കൊള്ളികൾ ഏറെയുണ്ടെങ്കിലും തീപിടിയ്ക്കുവാനുള്ള സാധ്യത തീരെയില്ലാത്ത തെരുവാണ് ദൂരം വളവുകൾ തീരെയില്ല പുളയുന്നതിനിടയിൽ വളവുകൾ ഉണ്ടാക്കുകയാവും നിന്റെ വേദനകൾ  വിശ്വസിയ്ക്കൂ നീ പുറപ്പെടുകയും ചെയ്തു നിന്നിലേയ്ക്ക് എത്തിയിട്ടുമില്ലാത്ത രണ്ട് നേരങ്ങളാണ് നിന്റെ ഞാനെന്ന ഭ്രാന്തിന്റെ പഞ്ഞി..

കടുവ വരകളിൽ..

ഞാൻ ഓരോ വിളിയിലും കറുക്കുന്ന അയ്യപ്പൻ നിന്റെ ചുവക്കുന്ന അപകർഷതാബോധം നോക്കിയിരിയ്ക്കുന്നു എനിക്കറിയാമായിരുന്നു എന്റെ നിശ്ചലത തേടി നീ വരുമെന്ന് എന്റെ ഉത്തരങ്ങളിൽ നിനക്ക് കാത്തിരിപ്പിന്റെ കുത്തക എന്നിട്ടും ഒന്നും ചോദിച്ചതുവരെ നീ എന്ന നിശ്ശബ്ദതയാണ് നിനക്ക് എന്റെ ഏകാന്തത നിന്റെ ബാധ്യതയാകുന്നത് വരെ നിന്നേ മാത്രം കണ്ട് നീ വന്നുകൊണ്ടേയിരിയ്ക്കുക. അതു വരെ ഉറപ്പ് പുലിപ്പാൽ ഉറവയ്ക്ക് പുറത്ത് കടുവ വരകളിൽ മനുഷ്യൻ കടന്നുവരാത്ത കാടായിരിയ്ക്കും ഞാൻ..

അനന്തതയുടെ കൊള്ളക്കാരനായ ദൈവം

നിന്റെ അളന്നെടുത്ത നാലു ചുവടുകൾ കൊണ്ടുഞാൻ ദൈവത്തിന്റെ നൃത്തത്തിന്റെ ഖജനാവ് അനന്തമായി കൊള്ളയടിയ്ക്കുന്നു.. എല്ലാ ചലനങ്ങളും കഴിഞ്ഞ് എന്റെയും നിന്റേയും അവസാന അനക്കങ്ങൾക്ക്  ശേഷം നൃത്തങ്ങൾ നഷ്ടപ്പെട്ട ദൈവം ഇവിടെ ദൈവമില്ല എന്ന് എഴുതിവെയ്ക്കുമായിരിയ്ക്കും...

അപ്പൂപ്പന്താടിക്കപ്പങ്ങൾ

വെറുതെയെങ്കിലും ഞാനെന്റെ വിരലുകൾക്ക് കാടെന്ന് പേരിടുന്നു അതിന്റെ അരികിൽ പോയിരിയ്ക്കുന്നു ഉടലിലൂടെ ഒഴുകിപ്പോകാൻ ഒരു കാട്ടാറിന്  അവസരം കൊടുക്കുന്നു ഒഴുകുന്ന ശബ്ദമെടുക്കാൻ മറന്നുപോയത് പോലെ തിരിച്ചുപോകുന്ന കാട്ടാറ് അത്രമേൽ നിശ്ശബ്ദമായ് നീയാവുകയായിരുന്നു 2 നീ ഉവ്വെന്ന വാക്കുകളുടെ കാട് ഞാനും എന്റെ തുമ്പിയും നിന്റെ ഹൃദയമിടിപ്പുകളുടെ വെള്ളാരം കല്ലിനെ തഴുകിയിരിയ്ക്കുന്നു എന്തൊരു തുമ്പിത്വമാണ് നിനക്ക് എന്റെ ഉയിരിന്റെ പാതിയിൽ വന്നിരിയ്ക്കുമ്പോൾ അപ്പോൾ ഞാൻ നിന്റെ ഉവ്വെന്ന വാക്കിന്റെ പാതി നീ എന്റെ പരിസരങ്ങളിൽ അവസരങ്ങളുടെ കാട് എന്റെ വിരലുകളിൽ കുരുങ്ങുന്ന നമ്മുടെ ഇടവേളകൾ  3 എന്നെ വല്ലാതെ കൊതിപ്പിയ്ക്കുന്ന നിന്റെ കണ്ണിന്റെ വെള്ളയുടെ ഏകാന്തത കണ്ണടയ്ക്കുമ്പോഴൊക്കെ നിന്റെ ഉമ്മകൾ കൊടുക്കേണ്ടിവരുന്ന അപ്പൂപ്പന്താടിക്കപ്പങ്ങൾ അപ്പോഴൊക്കെ എന്റെ ചുണ്ടുകൾ നിന്റെ കണ്ണിന്റെ വെള്ളയുടെ സുഗന്ധം വായിക്കുവാൻ എടുത്തുവെച്ച രണ്ടു വായനശാലകൾ നിന്റെ കൃഷ്ണമണിയിലേയ്ക്ക് നടത്തുന്ന തീർത്ഥാടനങ്ങളാവുന്ന എന്റെ വായനകൾ കാടുകളും കടലും മടുപ്പും മടക്കിവെയ്ക്കുന്നു കിളികളുടെ കാലുകളിൽ തുടങ്ങ