Skip to main content

Posts

Showing posts from January, 2018

ശാന്തത

വല്ലാതെ കൊതിപ്പിക്കുന്നുണ്ട് നിന്റെ മറുകുകളിലൊന്നിന്റെ ശാന്തത അതിലെ കറുപ്പ് എന്നിലെ പുറപ്പെട്ടു പോകാത്ത ബുദ്ധനാകുന്നു എന്നെങ്കിലും തിരികെ വന്ന് എന്നിലില്ലാത്ത വാതിലിൽ മുട്ടുമോ എന്ന് ഭയക്കുന്നു ഇപ്പോൾ നിന്റെ ഉടൽ ശലഭങ്ങൾക്ക് മാത്രം മുറിച്ച് കടക്കാവുന്ന കടൽ നിറങ്ങളിൽ നിന്നും ഇറങ്ങിപ്പോയ നിറം നിന്റെ മറുകും കടന്ന്, മൗനങ്ങളിൽ നനഞ്ഞ്, വിശുദ്ധിയുടെ കറുപ്പായിരിക്കുന്നു ഉടൽ മുറിച്ച് കടക്കുന്നതിനിടയിൽ ഞാൻ നിന്നിലെ ഒഴുക്ക് നിന്റെ മൂക്കൂത്തി, അതിലെ എന്റെ പതിവുകളുടെ കടവ് നിന്റെ മറുക്, ശലഭത്തിന്റെ കണ്ണിലെ ഏറ്റവും ആഴം കുറഞ്ഞ ഭാഗത്തിന്റെ മൊട്ട് നിന്റെ നോട്ടങ്ങൾ രണ്ട് പക്ഷികൾ അത് മറ്റൊരിടത്ത് പറക്കുന്നു ഒരിടത്ത് വന്നിരിയ്ക്കുന്നു നിന്റെ നൃത്തങ്ങൾ എല്ലാ ചുവടുകളും കടന്ന് നിയന്ത്രിത ഭ്രാന്തിന്റെ പുസ്തമെടുക്കുവാൻ വരുന്ന ലൈബ്രറിയിലെ ലൈബ്രേറിയൻ ആയിരിക്കുന്നു എന്റെ അവധികൾ ഇപ്പോൾ എന്റെ അവധികൾക്ക് നിന്റെ ഭ്രാന്തിന്റെ കൊതിപ്പിക്കുന്ന മണമാണ്.